ഓഹരി നിയമത്തിൽ ഭേദഗതി വരുത്തി സൗദി; കാരണം ഇത്

By Web TeamFirst Published Oct 9, 2019, 12:07 AM IST
Highlights

ആഭ്യന്തര വിപണിയിൽ തങ്ങളുടെ ഓഹരി ലിസ്റ്റ് ചെയ്യുന്നതിന് വിദേശ നിക്ഷേപകരെ അനുവദിക്കുന്നതാണു ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ പ്രധാന ഭേദഗതി. 

റിയാദ്: വിദേശ  നിക്ഷേപകരെ ആകർഷിക്കാൻ സൗദി അറേബ്യ ഓഹരി നിയമത്തിൽ ഭേദഗതി വരുത്തി. വിഷൻ 2030 വിഭാവന ചെയ്യുന്നത് പ്രകാരം ലോകോത്തര നിലവാരത്തിലേക്ക് സാമ്പത്തിക മേഖലയെ  അഭിവൃദ്ധിപ്പെടുത്തുന്നതിനും എല്ലാ വിഭാഗം വിദേശ നിക്ഷേപകരെയും ആകർഷിക്കുന്നതിനുമാണ് ഓഹരി നിയമത്തിൽ ഭേദഗതി വരുത്തിയതെന്നു സൗദി ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി വ്യക്തമാക്കി.

ആഭ്യന്തര വിപണിയിൽ തങ്ങളുടെ ഓഹരി ലിസ്റ്റ് ചെയ്യുന്നതിന് വിദേശ നിക്ഷേപകരെ അനുവദിക്കുന്നതാണു ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ പ്രധാന ഭേദഗതി. ഓഹരി നിയമത്തിൽ ഭേദഗതി വരുത്തിയതോടെ സൗദിയിൽ തങ്ങളുടെ ക്യാപ്പിറ്റൽ വർദ്ധിപ്പിക്കുന്നതിനും വിദേശ നിക്ഷേപകർക്ക് അവസരം ഒരുങ്ങും.

പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്ത, സൗദിക്ക് അകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് നേരിട്ട് രാജ്യത്ത് നിക്ഷേപത്തിന് അവസരം ഒരുക്കുന്നതിനും പുതിയ നിയമഭേദഗതി വഴിയൊരുക്കും. സാമ്പത്തിക വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം, ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗത്വം, ധനസ്ഥിതി വിവരം പ്രസിദ്ധീകരണ വ്യവസ്ഥ, ഓഡിറ്റ്‌ കമ്മിറ്റി അംഗത്വ നിയമാവലി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ക്യാപിറ്റൽ അതോറിറ്റി ഭേദഗതി ചെയ്തത്.

പരിചയസമ്പത്തു മാനദണ്ഡമാക്കുന്നില്ലന്നതാണ് പരിഷ്‌ക്കരിച്ച നിയമാവലിയുടെ സവിശേഷത. പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുതിയ നിയമത്തിൽ സുഗമമാക്കിയിട്ടുണ്ടെന്നത് നിക്ഷേപകരെ കൂടുതലായി ആകർഷിക്കുമെന്നാണ് ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ പ്രതീക്ഷ.
മാത്രമല്ല വൻകിട കമ്പനികൾക്ക് പുറമെ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾകൂടി പരിഷ്‌ക്കരിച്ച നിയമത്തിലൂടെ സൗദിയെ ഒരു പ്രധാന വിപണിയായി കണക്കാക്കും.
 

click me!