സൗദിയിൽ ഇനി വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും വാങ്ങാം, നിയമത്തിന് മന്ത്രിസഭാ അംഗീകാരം

Published : Jul 10, 2025, 03:39 PM IST
saudi arabia

Synopsis

2026 ജനുവരിയിൽ നിയമം നടപ്പാവും. ഗവൺമെൻറ് നിശ്ചയിക്കുന്ന മേഖലകളിലാണ് വസ്തുവും കെട്ടിടങ്ങളും വാങ്ങാൻ വിദേശികളെ അനുവദിക്കുക. രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉപാധികളോടെ ഇടപെടാൻ ഇതോടെ വിദേശികൾക്ക് മികച്ച അവസരമാണ് ലഭിക്കുന്നത്.

റിയാദ്: രാജ്യത്ത് വിദേശികളെ ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ അനുവദിക്കുന്ന പുതിയ നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ജിദ്ദ അൽ സലാം കൊട്ടാരത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പ്രവാസികൾക്കുൾപ്പടെ ഗുണം ചെയ്യുന്ന സുപ്രധാന നിയമത്തെ അംഗീകരിച്ചത്. 2026 ജനുവരിയിൽ നിയമം നടപ്പാവും. ഗവൺമെൻറ് നിശ്ചയിക്കുന്ന മേഖലകളിലാണ് വസ്തുവും കെട്ടിടങ്ങളും വാങ്ങാൻ വിദേശികളെ അനുവദിക്കുക. രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉപാധികളോടെ ഇടപെടാൻ ഇതോടെ വിദേശികൾക്ക് മികച്ച അവസരമാണ് ലഭിക്കുന്നത്.

സൗദി മന്ത്രിസഭ അംഗീകരം നൽകിയ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ അനുവാദം നൽകുന്ന പുതുക്കിയ ഉടമസ്ഥാവകാശ നിയമം റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള നിയമനിർമാണങ്ങളുടെ ഭാഗമാണെന്ന് മുനിസിപ്പൽ ഭവനകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ പറഞ്ഞു. നിർദ്ദിഷ്ട മേഖലകളിലാണ് വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ അനുവാദം നൽകുന്നത്. റിയാദ്, ജിദ്ദ തുടങ്ങിയ നഗരങ്ങളിലാണ് വിദേശികൾക്ക് വസ്തു വാങ്ങാനുള്ള ഭൂമിശാസ്ത്രപരമായ മേഖലകൾ നിശ്ചയിക്കുക. മക്കയിലും മദീനയിലും വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാൻ പ്രത്യേക നിബന്ധനകൾ നിശ്ചയിക്കും.

സാമ്പത്തിക, നിക്ഷേപവശങ്ങളും ഈ നിയമം കണക്കിലെടുക്കുന്നുണ്ടെന്ന് അൽഹുഖൈൽ പറഞ്ഞു. വ്യക്തമായ നിയന്ത്രണ സംവിധാനങ്ങളിലൂടെ പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയെ നിയന്ത്രിക്കുന്നതിനും സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാണ് പുതുക്കിയ നിയമമെന്ന് അൽഹുഖൈൽ വിശദീകരിച്ചു. നിക്ഷേപകരെയും റിയൽ എസ്റ്റേറ്റ് വികസന കമ്പനികളെയും ആകർഷിച്ചുകൊണ്ട് നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുകയും റിയൽ എസ്റ്റേറ്റ് വിതരണം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വിദേശികൾക്ക് സൗദിയിൽ ഭൂമി വാങ്ങാനുള്ള നിയമം നടപ്പാക്കുന്നതിനുള്ള നിർവഹണ ചട്ടങ്ങൾ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 180 ദിവസത്തിനുള്ളിൽ ‘ഇസ്തിലാഅ്’ എന്ന പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കും. 2026 ജനുവരിയിൽ ഈ നിയമം നടപ്പാവുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ