'കൊവിഡ് 19 ജീവിതത്തിന്റെ ഭാഗമായെന്ന വാദം തെറ്റ്'; പ്രതികരിച്ച് സൗദി ആരോഗ്യമന്ത്രാലയം

By Web TeamFirst Published May 17, 2020, 11:38 AM IST
Highlights

മരുന്നുകളോ വാക്‌സിനുകളോ കണ്ടെത്താത്തതിനാല്‍ പകര്‍ച്ചപ്പനി പോലെ കൊവിഡിനെ പരിഗണിക്കാനാവില്ല.

റിയാദ്: കൊവിഡ് 19 മനുഷ്യ ജീവിതത്തിന്റെ ഭാഗമായെന്നും പകര്‍ച്ചപ്പനി പോലെ പരിഗണിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്നുമുള്ള വാദങ്ങളോട് പ്രതികരിച്ച് സൗദി ആരോഗ്യമന്ത്രാലയം. പകര്‍ച്ചപ്പനി പോലെ കൊവിഡിനെ പരിഗണിക്കാനാവില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു.

പകര്‍ച്ചപ്പനിയെ നേരിടാന്‍ വാക്‌സിനുകളും മരുന്നുകളും ലഭ്യമാണ്. എന്നാല്‍ കൊവിഡ് രോഗം സൃഷ്ടിക്കുന്ന സാഹചര്യം വ്യത്യസ്തമാണ്. മരുന്നുകളോ വാക്‌സിനുകളോ കണ്ടെത്താത്തതിനാല്‍ പകര്‍ച്ചപ്പനി പോലെ കൊവിഡിനെ പരിഗണിക്കാനാവില്ല. വീട്ടില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ കുടുംബാംഗങ്ങളില്‍ നിരവധി പേരിലേക്ക് രോഗം പടരാനും ചിലര്‍ക്ക് മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതാണ് കൊവിഡിന്റെ സാഹചര്യം. ഇത് അസാധാരണമായി കണക്കാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ്  പറഞ്ഞു. 

കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും പുതിയ വഴികള്‍ തേടേണ്ടതുണ്ട്. മുന്‍കരുതലിനൊപ്പം എല്ലാവരുടെയും സുരക്ഷയും പ്രധാനപ്പെട്ടതാണ്. നിലവിലെ സാഹചര്യത്തില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കാന്‍ എല്ലാ സാധ്യതകളും സൗദി അറേബ്യ പരിഗണിക്കുന്നുണ്ടെന്നും ഘട്ടം ഘട്ടമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കുമെന്നും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി

click me!