സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സ്വദേശിവല്‍ക്കരണം; ലക്ഷ്യമിടുന്നത് 17,000 തൊഴിലവസരങ്ങള്‍

By Web TeamFirst Published Oct 12, 2020, 8:00 PM IST
Highlights

100-499 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, 500 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രൊവിഷന്‍ സ്റ്റോറുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് ലക്ഷ്യം.

റിയാദ്:  2021 അവസാനത്തോടെ രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലുമുള്‍പ്പെടെ സ്വദേശി പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും 17,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിക്ക് സൗദി മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം തുടക്കമിട്ടു. ബഖാല(ഗ്രോസറി)കളിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായാണിത്.

ബഖാലകള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ തൊഴില്‍ അന്വേഷകരില്‍ നിന്ന് മന്ത്രാലയം അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ നല്‍കാനുള്ള സമയപരിധി എട്ടു ദിവസത്തിന് ശേഷം അവസാനിക്കും. 100-499 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, 500 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രൊവിഷന്‍ സ്റ്റോറുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് ലക്ഷ്യം.

നിലവില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 105,000 തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതനുസരിച്ച് ഓരോ ഷോപ്പിലും ശരാശരി 10 തൊഴിലാളികളുണ്ട്. 37,000 സ്വദേശികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ആകെയുള്ള ജീവനക്കാരുടെ 35 ശതമാനം മാത്രമാണിത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 1,200 യൂണിറ്റുകളാണ് നിലവിലുള്ളത്. ഇവിടെ ഏകദേശം 48,000 ജീവനക്കാരുണ്ട്. ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ശരാശി തൊഴിലാളികളുടെ എണ്ണം 250ഉം സൂപ്പര്‍മാര്‍ക്കറ്റില്‍ 50ഉം ജീവനക്കാരുമാണുള്ളത്. ഈ ഔട്ട്‌ലറ്റുകളില്‍ നിലവില്‍ 16,000 സ്വദേശികള്‍ ജോലി ചെയ്യുന്നെന്നാണ് കണക്കാക്കുന്നത്. 35 ശതമാനം മാത്രമാണ് സ്വദേശികളുള്ളതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

മേഖലയില്‍ കൂടുതല്‍ സ്വദേശികളെ എത്തിക്കുന്നതിന് ഈ രംഗത്തെ പ്രധാന കമ്പനികളെയും ഏറ്റവും വികസിത കമ്പനികളെയും തിരിച്ചറിയുകയാണ് പുതിയ സ്വദേശിവല്‍ക്കരണ പദ്ധതിയുടെ ലക്ഷ്യം. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാന്‍ ഈ കമ്പനികളുമായി കരാര്‍ ഒപ്പിടും. ഏജന്‍സികളുമായി ഏകോപിപ്പിച്ച് തൊഴില്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുകയും തൊഴില്‍ സ്ഥിരത ഉറപ്പാക്കുകയും ചെയ്യാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 


 

click me!