ഉച്ച ഭക്ഷണത്തിനിടെയൊരു ഫോണ്‍ കോള്‍; ബഹ്റൈനിലെ വ്യാപാരിയെ 24 കോടിയുടെ ഭാഗ്യം തേടിയെത്തിയത് അപ്രതീക്ഷിതമായി

By Web TeamFirst Published Oct 4, 2020, 9:32 AM IST
Highlights

ബഹ്റൈനില്‍ സ്വന്തമായി ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളുടെ ശൃംഖലയുണ്ട് ഈ ബിസിനസുകാരന്. കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും പിന്നെ കുറച്ച് തുക ബിസിനസിലേക്കും നിക്ഷേപിക്കാനുമാണ് തീരുമാനം. ആറ് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട് അല്‍ഹാമിദിക്ക്. അനാഥകള്‍ക്ക് വേണ്ടിയും ഒരു വിഹിതം മാറ്റിവെയ്ക്കും. 

മനാമ: ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു ബഹ്റൈനിലെ 54കാരനായ ബിസിനസുകരാനെ തേടി ആ ഫോണ്‍കോളെത്തിയത്. അബുദാബി ബിഗ് ടിക്കറ്റെടുത്തിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് മറുപടി. 1.2 കോടി ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് പറയാനാണ് വിളിച്ചതെന്നും സംഘാടകര്‍ അറിയിച്ചപ്പോള്‍ ആരോ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെയായി പ്രതികരണം. ഞാന്‍ വെബ്സൈറ്റ് പരിശോധിച്ച് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ഒടുവില്‍ ഫോണ്‍ വെച്ചത്.

അഞ്ച് വര്‍ഷമായി ബഹ്റൈനിലെ സാറില്‍ താമസിക്കുന്ന സൗദി പൗരന്‍ അഹ്‍മദ് അല്‍ ഹാമിദിക്കായിരുന്നു ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം. 50 ബഹ്റൈന്‍ ദിനാര്‍ വിലയുള്ള ടിക്കറ്റ് അദ്ദേഹം ഓണ്‍ലൈനിലൂടെയാണ് എടുത്തത്. 22ഉം 21ഉം 16ഉം വയസ് പ്രായമുള്ള മൂന്ന് പെണ്‍മക്കളുണ്ടെന്നും അവരുടെ ഭാവിക്ക് വേണ്ടി പണം ഉപയോഗിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബഹ്റൈനില്‍ സ്വന്തമായി ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളുടെ ശൃംഖലയുണ്ട് ഈ ബിസിനസുകാരന്. കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും പിന്നെ കുറച്ച് തുക ബിസിനസിലേക്കും നിക്ഷേപിക്കാനുമാണ് തീരുമാനം. ആറ് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട് അല്‍ഹാമിദിക്ക്. അനാഥകള്‍ക്ക് വേണ്ടിയും ഒരു വിഹിതം മാറ്റിവെയ്ക്കും. കൊവിഡ് കാരണം പ്രയാസം നേരിടുന്ന സമയത്ത് ഇങ്ങനെയൊരു സമ്മാനം ലഭിച്ചത് വലിയ സന്തോഷമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

click me!