
റിയാദ്: സൗദി അറേബ്യക്ക് സമീപം ചെങ്കടലിൽ വെച്ച് അസുഖബാധിതനായി ഗുരുതരാവസ്ഥയിലായ മലയാളി കപ്പൽ ജീവനക്കാരനെ സൗദി നാവിക സേനാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇറാഖിൽ നിന്നും തുർക്കിയിലേക്ക് ചരക്കുമായി പോകുകയായിരുന്ന ’ഫ്രന്റ് ഷാൻ ങ്ങാൻ’ എന്ന കപ്പലിലെ സെക്യൂരിറ്റി ജീവനക്കാരനായ ചെങ്ങന്നൂർ എരമല്ലിക്കര സ്വദേശി ബിജു അബ്രഹാമിനാണ് സൗദി നാവിക സേന തുണയായത്.
നടുക്കടലിൽ വെച്ച് കടുത്ത നെഞ്ച് വേദനയും അസ്വസ്തതയും അനുഭവപ്പെടുകയായിരുന്നു. കപ്പലിന്റെ ക്യാപ്റ്റൻ ഉടൻ സൗദി നേവി വിഭാഗവുമായി ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. ഉടൻ തന്നെ നേവി വിഭാഗം കടലിലെത്തി കപ്പലിൽ നിന്ന് ബിജുവിനെ ഏറ്റെടുത്ത് ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസിർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ബിജുവിന് മേജർ ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടതുണ്ട്.
1986ൽ ഇന്ത്യൻ നേവിയിൽ ചേർന്ന ബിജു 2009 ലാണ് വിരമിച്ചത്. പിന്നീട് ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് നാടുകളിൽ ജോലി ചെയ്തിരുന്നു. ആറ് വർഷം മുമ്പാണ് ബ്രിട്ടനിലെ അമ്പരി എന്ന ഷിപ്പിങ്ങ് കമ്പനിയിൽ ചേർന്നത്. ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡന്റ് ശമീർ അമ്പലപ്പാറ, ചെയർമാൻ ഗഫൂർ വാവൂർ എന്നവർ ആശുപത്രിയിലെത്തി ബിജു അബ്രഹാമിനെ ആശ്വസിപ്പിക്കുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam