
റിയാദ്: സൗദി അറേബ്യയിൽ എണ്ണ ഉത്പാദനം പകുതിയായതോടെ ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരാൻ സാധ്യത. ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തിൽ തീപിടിത്തമുണ്ടായതോടെ സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോ എണ്ണ ഉത്പാദനം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. സൗദിയിലെ എണ്ണ ഉത്പാദനം പകുതിയായി കുറഞ്ഞതും വിലകൂടിയതും ഇന്ത്യയെയും സാരമായി ബാധിക്കും.
ദിവസേന 50 ലക്ഷം ബാരൽ എണ്ണ പമ്പു ചെയ്യാൻ ശേഷിയുള്ള 1200 കിലോമീറ്റർ നീളമുള്ള പ്രധാന പൈപ്പ്‍ലൈനിനു നേരെയായിരുന്നു ആക്രമണം. ഇതിലൂടെയുള്ള എണ്ണ പംമ്പിങ് താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്. ദിവസേന ഏഴു ദശലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്‍റിനുണ്ട്. അപകടത്തോടെ ഇത് അഞ്ചു ദശലക്ഷം ബാരലായി കുറയും. ഇതിനെത്തുടർന്നാണ് സൗദിയുടെ എണ്ണ ഉത്പാദനം പകുതിയോളം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചത്. അരാംകോയുടെ അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്‍റിൽ നിന്നുള്ള എണ്ണ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, അസംസ്കൃത ഉദ്പാദനത്തിന്‍റെ മൂന്നിലൊന്ന് വൈകുന്നേരത്തോടെ പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സൗദിയിലെ എണ്ണ ഉത്പാദനത്തിലെ പ്രതിസന്ധി ഇന്ത്യയിലും വില കുത്തനെ ഉയര്‍ന്നേക്കും. ഇറാനെതിരായ അമേരിക്കന്‍ നീക്കം ശക്തമാക്കിയതു മുതൽ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഭൂരിഭാഗവും ആശ്രയിക്കുന്നത് സൗദി അറേബ്യയെയാണ്. ഡോളറിന് എതിരെ രൂപ പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുന്നതും സാമ്പത്തിക മാന്ദ്യം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ എണ്ണവില റെക്കോര്‍ഡ് മറികടക്കാനാണ് സാധ്യത.
അഞ്ചുമുതല്‍ പത്തു ഡോളര്‍ വരെ വില ഉയരുമെന്നാണ് ആഗോള സാമ്പത്തിക മാധ്യമങ്ങളും വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നത്. ചൈന ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളാണ് സൗദിയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. അതേസമയം, കരുതല്‍ എണ്ണശേഖരം ഉപയോഗിച്ച് വിതരണക്കുറവ് നികത്താൻ ശ്രമം നടക്കുന്നുണ്ട്. മതിയായ എണ്ണ വിതരണത്തിന് യു എസും സമ്മതിച്ചിട്ടുണ്ട്. പ്രതിദിനം പത്തുലക്ഷം ബാരല്‍ വരെയാണ് ആഗോള വിപണയിലേക്ക് സൗദി എണ്ണ വിതരണം ചെയ്യുന്നത്.
അബ്ഖൈക് പ്ലാൻറില്‍ ഉൽപാദനം താല്‍ക്കാലികമായി നിര്‍ത്തിയതോടെ 5.7 ദശലക്ഷം ബാരലാണ് വിതരണത്തിലെ കുറവ് കണക്കാക്കുന്നത്. പണിമുടക്ക് രാജ്യത്തിന്റെ മുഴുവൻ ഉൽപാദന ശേഷിയും ഇല്ലാതാക്കുമെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവൻ ഉത്പാദനം പുനരാരംഭിക്കാനാകുമെന്ന് സൗദി ഊര്‍ജ്ജമന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
അമേരിക്ക-ഇറാൻ വാക്പോര് മുറുകുന്നു
അതേസമയം, ഹൂതി വിമതർ അരാംകോയിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ-അമേരിക്ക വാക്പോര് രൂക്ഷമാകുന്നു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. അരാംകോയിലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. എന്നാൽ ആക്രമണം യെമനിൽ നിന്നാണെന്നതിന് തെളിവൊന്നും ഇല്ലെന്നായിരുന്നു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം. ലോകത്തിന്‍റെ ഊർജ്ജവിതരണത്തെ അസ്ഥിരമാക്കാനാണ് ഇറാൻ ആക്രമണം നടത്തിയതെന്നും പോംപിയോ ആരോപിച്ചു. ആക്രമണം നടത്തിയത് ഇറാനാണെന്നാണ് ഉപഗ്രഹചിത്രങ്ങൾ തരുന്ന സൂചനയെന്നും അമേരിക്ക ആരോപിക്കുന്നു.
അതേസമയം, സൗദിയിലെ ആക്രമണത്തിന്‍റെ പേരിൽ തങ്ങൾക്കെതിരെ നീങ്ങാനാണ് അമേരിക്കയുടെ പദ്ധതിയെങ്കിൽ ഇറാൻ പൂർണ്ണതോതിലുള്ള യുദ്ധത്തിന് സജ്ജമാണെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കമാണ്ടർ അമീർ അലി ഹജിസദേ പ്രതികരിച്ചു. 2000 കിലോമീറ്റർ പരിധിയിലുള്ള അമേരിക്കയുടെ നാവിക ബേസും പടക്കപ്പലുകളും തകർക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. പിന്നാലെ സ്വന്തം എണ്ണക്കിണറുകൾ തകർന്ന് കഴിയുമ്പോഴെ ഇനി ഇറാൻ പഠിക്കുകയുള്ളൂ എന്ന് റിപ്പബ്ലിക്കൻ സെനറ്ററും ട്രംപിന്‍റെ അടുപ്പക്കാരനുമായ ലിൻഡ്സി ഗ്രഹാം ട്വിറ്ററിൽ കുറിച്ചു. വാഷിംഗ്ടണും തെഹ്റാനും തമ്മിലുള്ള വാക്പോര് കടുക്കുമ്പോൾ ഗൾഫ് മേഖല ഒരിക്കൽക്കൂടി അശാന്തമാകുമോ എന്ന ആശങ്ക ഉയരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam