കൊവിഡ് 19; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളെ സൗദി പൊലീസ് പിടികൂടി

By Web TeamFirst Published Mar 19, 2020, 7:20 AM IST
Highlights

വ്യാജ വാർത്ത വന്ന ഉറവിടം ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി കണ്ടെത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തെന്നും മുഴുവൻ കേസ് രേഖകളും ബന്ധപ്പെട്ട കോടതിക്ക് കൈമാറിയെന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു. 

റിയാദ്: കൊറോണ വൈറസ് സംബന്ധിച്ച് അഭ്യൂഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിച്ചയാളെ സൗദി പൊലീസ് പിടികൂടി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാൾ വ്യാജ വാർത്തയുണ്ടാക്കി പ്രചാരണം നടത്തിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതറിഞ്ഞ് ഉത്തരവാദിയെ പിടികൂടാനും നിയമാനുസൃത ശിക്ഷ നൽകാനും പബ്ലിക് പ്രോസിക്യൂട്ടർ ശൈഖ് സഊദ് അൽമുഅ്ജബ് നിർദേശം പുറപ്പെടുവിച്ചിരുന്നു. 

വ്യാജ വാർത്ത വന്ന ഉറവിടം ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി കണ്ടെത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തെന്നും മുഴുവൻ കേസ് രേഖകളും ബന്ധപ്പെട്ട കോടതിക്ക് കൈമാറിയെന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു. അഞ്ച് വർഷം വരെ ജയിൽ ശിക്ഷയും 30 ലക്ഷം റിയാൽ പിഴയും ചുമത്താനും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും കുറ്റം തെളിഞ്ഞാൽ കോടതി വിധി പ്രതിയുടെ ചെലവിൽ പരസ്യപ്പെടുത്താനും ഉത്തരവിട്ടിട്ടുണ്ട്. 
അഭ്യൂഹങ്ങളും വ്യാജ വാർത്തകളും ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യൽ കുറ്റകൃത്യമാണ്. സോഷ്യൽ മീഡിയകൾ നിരീക്ഷിക്കാൻ വിദഗ്ധരും സ്മാർട്ട് സംവിധാനങ്ങളുണ്ട്. വാർത്തകൾ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രമേ എടുക്കാൻ പാടുള്ളൂ എന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു.

 

click me!