സൗദിയിൽ വീട്ടു ജോലിക്കെത്തുന്ന സ്ത്രീകൾക്ക് ഇനി സ്‌പോൺസറെ കാത്ത് വിമാനത്താവളത്തിൽ നിൽക്കേണ്ട

By Web TeamFirst Published Jul 12, 2019, 12:30 AM IST
Highlights

സ്പോൺസറില്ലാതെ ഇനി ഇവർക്ക് ആഗമന ടെർമിനലിൽ നിന്ന് പുറത്തിറങ്ങാം.

റിയാദ്: റീ-എൻട്രി വിസയിൽ സ്വദേശത്തേക്കു പോയി തിരിച്ചു വരുന്ന വീട്ടു ജോലിക്കാരായ സ്ത്രീകളെ വിമാനത്താവളത്തിൽ നിന്ന് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തൊഴില്‍-സാമൂഹ്യ ക്ഷേമ മന്ത്രാലയം നീക്കി. റീ- എൻട്രി വിസയിൽ തിരിച്ചു വരുന്ന വീട്ടു ജോലിക്കാരെ സ്‌പോൺസർ വരുന്നതുവരെ വിമാനത്താവളത്തിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയാണ് നിലവിൽ ചെയ്തിരുന്നത്.

സ്‌പോൺസർ നേരിട്ടെത്തിയായിരുന്നു ഇവരെ സ്വീകരിക്കേണ്ടത്. എന്നാൽ ഇനി മുതൽ ഇവർക്ക് സ്‌പോൺസറെ കാത്തു നിൽക്കാതെ മറ്റു യാത്രക്കാരെ പോലെ ആഗമന ടെർമിനലിൽ നിന്ന് നേരെ പുറത്തിറങ്ങാൻ സാധിക്കും. ഈ മാസം 15 മുതലാണ് പുതിയ സംവിധാനം നിലവിൽ വരുക. ആദ്യ ഘട്ടത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാത്രമാണ് പുതിയ സംവിധാനം നടപ്പിലാക്കുക.

അതേസമയം പുതിയ വിസയിൽ വരുന്ന വീട്ടു ജോലിക്കാരെ വിമാനത്താവളത്തിൽ നിന്ന് സ്വീകരിക്കുന്ന ചുമതല ബന്ധപ്പെട്ട റിക്രൂട്ട്‌മെന്‍റ് സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് റിക്രൂട്ട്‌മെന്‍റ് സ്ഥാപനങ്ങളുടെ അഭയകേന്ദ്രത്തിലേക്കു കൊണ്ടുവരുന്ന വീട്ടുജോലിക്കാരെ റിക്രൂട്ടുമെൻറ് സ്ഥാപനങ്ങളാണ് പിന്നീട് സ്‌പോൺസർക്ക് കൈമാറുക.

click me!