ജമാൽ ഖഷോഗി വധക്കേസ്: അഞ്ച് പേർക്ക് വധശിക്ഷ, മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവ്

Published : Dec 23, 2019, 04:40 PM IST
ജമാൽ ഖഷോഗി വധക്കേസ്: അഞ്ച് പേർക്ക് വധശിക്ഷ, മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവ്

Synopsis

വാഷിംഗ്ടൺ പോസ്റ്റ് ലേഖകനായിരുന്നു ഖഷോഗി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സ്ഥിരം വിമർശകനായിരുന്നു. ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽവച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. 

റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേ‍ർക്ക് വധശിക്ഷ. മൂന്ന് പേരെ 24 വർഷം തടവിനും ശിക്ഷിച്ചു. മുതിർന്ന രണ്ട് സൗദി ഉദ്യോഗസ്ഥരെ വെറുതെ വിട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ വരെ ആരോപണം ഉയർന്ന കേസിൽ പ്രതികൾ ആരെന്ന് സൗദി ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

കേസിലെ 11 പ്രതികളിൽ 5 പേരെയാണ് വധശിക്ഷക്ക് വിധിച്ചത്. സൗദി രാജാവിന്‍റെ ഉപദേശകനായിരുന്ന മുതിർന്ന ഉദ്യോഗസ്ഥനെ ഉൾപ്പെടെ രണ്ട് പേരെ വെറുതെ വിട്ടു. മൂന്ന് പേർ 24 വർഷം തടവ് ശിക്ഷയും അനുഭവിക്കണം. എന്നാൽ  കുറ്റക്കരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ അവർ ഇനിയും  തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തിയ ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധി, കൊലപാതകം സൗദി ഭരണകൂടം തന്നെ ആസൂത്രണം ചെയ്തതാണെന്നും, സൗദി കിരീടാവകാശിയുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണമെന്നും റിപ്പോർട്ട് നൽകി. എന്നാൽ റിപ്പോർട്ട് സൗദി അംഗീകരിച്ചില്ല. അമേരിക്കയും സൗദിയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുമെന്ന ഘട്ടം വരെ എത്തിയെങ്കിലും വ്യാപാരബന്ധം കണക്കിലെടുത്ത് ട്രംപ് പ്രശ്നം ഒതുക്കിതീർക്കുകയായിരുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ സ്ഥിരം വിമർശകനായിരുന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധക്കേസിൽ അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്നാണ് സൗദി അന്വേഷണത്തിന് നിർബന്ധിതമായത്. കഴിഞ്ഞ വർഷം ഓക്ടോബർ രണ്ടിന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ താൻ വിവാഹമോചിതനാണെന്ന് തെളിയിക്കുന്ന രേഖകൾ കൈപ്പറ്റുന്നതിനായി എത്തിയ ഖഷോഗിയെ പിന്നീടാരും കണ്ടിട്ടില്ല. തുടക്കത്തിൽ ഖഷോഗി കോൺസുലേറ്റിൽനിന്ന് മടങ്ങിയെന്ന് പറഞ്ഞ സൗദിക്ക് ഒടുവിൽ കോൺസുലേറ്റിനുള്ളൽവച്ചുതന്നെ കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കേണ്ടിവന്നു.

സൗദി രാജാവിന്‍റെ ഉപദേശകനായി പോലും പ്രവർത്തിച്ചിട്ടുള്ള ഖഷോഗി പിന്നീട് അമേരിക്കയിലേക്ക് കടക്കുകയായിരുന്നു. ഖഷോഗിയെ തിരികെ സൗദിയിലെത്തിക്കാനുള്ള ചർച്ചകൾക്കായി ഇസ്താംബൂളിലെ കോൺസുലേറ്റിലേക്ക് അയച്ച സംഘം മുകളിൽനിന്നുള്ള നിർദ്ദേശമില്ലാതെ അദ്ദേഹത്തെ കൊല്ലുകയായിരുന്നുവെന്നാണ് ഏറ്റവും ഒടുവിൽ സൗദി വിശദീകരിച്ചത്. സൗദി കോൺസുലേറ്റിനുള്ളിൽ നടന്ന കൊലപാതകത്തിൽ സൗദി കിരീടാവകാശി കടുത്ത പ്രതിരോധത്തിലായി. കിരീടാവകാശിയുടെ നിർദ്ദേശപ്രകാരമാണ് കൊല നടന്നതെന്ന ആരോപണം ഉയർന്നെങ്കിലും  ധാർമ്മിക ഉത്തരവാദിത്തം മാത്രമാണ് അദ്ദേഹം ഏറ്റെടുത്തത്. മാസം തോറും വാഷിംഗ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ചിരുന്ന കോളത്തിൽ സൗദി കിരീടാവകാശിയുടെ ശൈലികളെ ഖഷോഗി നിശിതമായി വിമർശിച്ചിരുന്നു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ലഹരിക്കടത്ത്, 770 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ