മലയാളികളെ വിസ്മയിപ്പിച്ച് സൗദി ഗായകന്‍; ചിത്രയ്ക്കൊപ്പമുള്ള ‘ഒരു മുറൈ വന്ത് പാർത്തായാ’ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Published : Nov 11, 2019, 01:09 PM IST
മലയാളികളെ വിസ്മയിപ്പിച്ച് സൗദി ഗായകന്‍; ചിത്രയ്ക്കൊപ്പമുള്ള ‘ഒരു മുറൈ വന്ത് പാർത്തായാ’ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Synopsis

മലയാളിയെ കാലങ്ങളായി രസിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മണിച്ചിത്രത്താഴിലെ ‘ഒരു മുറൈ വന്ത് പാർത്തായാ....’ എന്ന പാട്ടാണ് സൗദി യുവഗായകൻ അഹമ്മദ് സുൽത്താൻ അൽമൈമാനി, കെ.എസ്. ചിത്രയോടൊപ്പം റിയാദിലെ വേദിയിൽ പാടി ലോക വൈറലാക്കിയത്.

റിയാദ്: ദിനം രണ്ട് കഴിഞ്ഞിട്ടും കെട്ടടങ്ങുന്നില്ല ആ തരംഗം. സോഷ്യൽ മീഡിയയിൽ അലയൊടുങ്ങാത്ത കടലായി ഇരമ്പുകയാണ് ഇപ്പോഴും 'തോം തോം തോം' എന്ന അറബ് ചുവയിലെ അനുപല്ലവി...  റിയാദില്‍ നടന്ന ഒരു സംഗീത പരിപാടിയിൽ അഹമ്മദ് സുൽത്താൻ അൽമൈമാനി എന്ന സൗദി യുവഗായകൻ ഗായിക കെ.എസ്. ചിത്രയോടൊപ്പം ആലപിച്ച  ‘ഒരു മുറൈ വന്ത് പാർത്തായാ....’ ഗാനം ഇന്ന് സോഷ്യൽ മീഡിയയിൽ ലോക വൈറലാണ്.

ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ മലയാളത്തിന്റെ വാനമ്പാടിയെ കൺപാർത്ത് കാതുകളർപ്പിച്ച് എല്ലാം മറന്നിരുന്ന സദസിനെ ഞെട്ടിച്ചായിരുന്നു അഹമ്മദ് സുൽത്താന്റെ മാസ് എൻട്രി. ‘ഒരു മുറൈ വന്ത് പാർത്തായാ.... എന്ന് തുടങ്ങി, നെഞ്ചമൊൻട്രു തുടിക്കയിൽ...’’ എന്നെത്തി രുദ്ര താളം മുറുകുമ്പോൾ വേദിയിൽ കെ.എസ് ചിത്രക്ക് പിന്നിൽ പ്രത്യക്ഷപ്പെട്ട അറബി വേഷം സദസിനെ ആദ്യം അമ്പരിപ്പിക്കുകയാണ് ചെയ്തത്.

 റിയാദിലെ ഇന്ത്യൻ എംബസിയിൽ ‘വൈഷ്ണവ ജനതോ’ എന്ന പൗരാണിക ഹിന്ദു ഭജൻ പാടി നേരത്തെ തന്നെ വൈറൽ താരമായി മാറിയ ആളാണ് അഹമ്മദ്. മലയാളിയെ കാലങ്ങളായി രസിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന 'മണിച്ചിത്രത്താഴ്' എന്ന സൂപ്പർഹിറ്റ് ഫാസിൽ ചിത്രത്തിലെ ഈ പാട്ട് ഒരു അറബ് ഗായകെൻറ സ്വരത്തിൽ കൂടി കേട്ടതോടെ വൈറലാവാനും പിന്നെ അധികസമയം വേണ്ടിവന്നില്ല. ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച സംഗീത പരിപാടിയിലായിരുന്നു കെ.എസ് ചിത്രയ്ക്കൊപ്പം അദ്ദേഹം വേദിയിലെത്തിയത്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഡയറി കമ്പനിയായ അൽമറായിയിൽ ഏരിയ സെയിൽസ് മാനേജരായി റിയാദിൽ ജോലി ചെയ്യുകയാണ് അഹമ്മദ് സുൽത്താൻ അൽമൈമാനി. പൗരാണികമായി ഗുജറാത്തീ വേരുകളുള്ള സൗദി ഗോത്രമാണ് അൽമൈമാനി. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകൾക്കപ്പുറത്ത് നിന്ന് തുടങ്ങുന്ന ഒരു ജന്മാന്തര ബന്ധം സുൽത്താന് ഇന്ത്യയുമായുണ്ട്. ആ ഇഴയടുപ്പം ഹിന്ദി പാട്ടുകളോടും സുൽത്താനുണ്ടായി. ഹിന്ദി ഗായകനെന്ന നിലയിലാണ് സൗദി സംഗീത ലോകത്ത് ഈ  യുവഗായകൻ അറിയപ്പെടുന്നത്. 

ഗാന്ധിജിയുടെ 150-ാം ജയന്തി പ്രമാണിച്ച് റിയാദിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഗാന്ധിജിക്ക് ഏറ്റവും ഇഷ്ടമുള്ള ഭജൻ വൈഷ്ണവ ജനതോ പാടാൻ അഹമ്മദ് സുൽത്താൻ അവിടെയെത്തിയത്. ആ പാട്ട് വൈറലായി. അതോടെ സുൽത്താനെ സൗദി ആസ്വാദകലോകത്തിന് പുറത്തും അറിയാൻ തുടങ്ങി. റിയാദിലെ സംഗീത പരിപാടിക്കുവേണ്ടി വളര കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഒരു മുറൈ വന്ത് പാർത്തായ പഠിച്ചു, മനോഹരമായി പാടി വൈറലാക്കി പുതിയ ചരിത്രവും സൃഷ്ടിച്ചു. പാട്ടുകേട്ട് സാക്ഷാൽ ചിത്ര തന്നെ അത്ഭുതപ്പെട്ടുപോയി.  

ലോകത്ത് മറ്റേത് ഭാഷയും പഠിക്കാനും പാടാനും എളുപ്പമാണ്. എന്നാൽ ഏറ്റവും പ്രയാസമുള്ള ഭാഷയായ മലയാളത്തിലെ ഒരു ഗാനം ഇത്രയും മികവോടെ, അക്ഷരസ്ഫുടതയോടെ ഒരു അറബി ഗായകന് പാടാൻ കഴിയുന്നത് വിസ്മയിപ്പിക്കുന്നു എന്നാണ് ചിത്ര വേദിയിൽ വെച്ച് പറഞ്ഞത്. സുൽത്താനെ മനസ് തുറന്ന് അഭിനന്ദിക്കുകയും ചെയ്തു. ചിത്രയയോടൊപ്പം ഒരു ഹിന്ദി ഗാനവും കൂടി പാടിയാണ് അഹമ്മദ് സുൽത്താൻ വേദി വിട്ടത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം