സൗദിയില്‍ 50 ശതമാനം വരെ ഇളവുകളോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍

By Web TeamFirst Published Aug 29, 2020, 11:18 PM IST
Highlights

പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ വസ്തുക്കൾ എളുപ്പത്തിൽ ലഭ്യമാക്കാനായി ടെലികോം കമ്പനികളുമായും ചില്ലറ വ്യാപാര സ്ഥാപനങ്ങളുമായുമുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

റിയാദ്: സൗദിയിൽ 50 ശതമാനംവരെ ഇളവുകളോടെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നു. പുതിയ അധ്യയന വർഷത്തിൽ ഓൺലൈലൈനായി ക്ലാസുകൾ തുടങ്ങാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇളവുകളോടെ കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും അടക്കം ലഭ്യമാക്കുന്ന പദ്ധതി തുടങ്ങുന്നത്.

വിദ്യാഭ്യാസ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി കമ്മീഷനും സഹകരിച്ചാണ് ഡിജിറ്റൽ ഗിവിംഗ് ഇനിഷ്യേറ്റീവ് പദ്ധതിവഴി വിദ്യാർത്ഥികൾക്ക് 50 ശതമാനം വരെ ഇളവുകളോടെ കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും ഡാറ്റ പാക്കേജുകളും ഉൾപ്പെടെ ലഭ്യമാക്കുന്നത്. പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ വസ്തുക്കൾ എളുപ്പത്തിൽ ലഭ്യമാക്കാനായി ടെലികോം കമ്പനികളുമായും ചില്ലറ വ്യാപാര സ്ഥാപനങ്ങളുമായുമുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാനുള്ള ക്യാമ്പയിനോട് അനുബന്ധിച്ചു സാങ്കേതിക അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഡിജിറ്റൽ ഗിവിംഗ് വെബിനാറും ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ പ്രയോജനം ഇതിനകം പതിനഞ്ചു ലക്ഷത്തിലധികം ആളുകൾക്ക് ലഭിച്ചു. നിർധനരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസ രീതി പ്രയോജനപ്പെടുത്താനായി 28,000 ലേറെ ടാബുകളും110,000 ൽ അധികം സൗജന്യ സിം കാർഡുകളും വിതരണം ചെയ്തു. 120 ൽ അധികം സന്നദ്ധ സംഘടനകൾക്കും 110,000 ൽ അധികം വിദ്യാർത്ഥികൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഐ.ടി മന്ത്രാലയ അണ്ടർ സെക്രട്ടറി പറഞ്ഞു.

click me!