അഞ്ചുവർഷം പിന്നിട്ട് സൗദിയിലെ സമഗ്ര വികസന പദ്ധതി; രാജ്യം കൈവരിച്ചത് അസാധാരണ നേട്ടങ്ങള്‍

By Web TeamFirst Published Apr 27, 2021, 8:58 PM IST
Highlights

കഴിഞ്ഞ അഞ്ചു വർഷവും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലായിരുന്നു. 

റിയാദ്: സൗദി അറേബ്യയുടെ സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ സമഗ്ര വികസന, പരിവർത്തന പദ്ധതിയായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച 'വിഷൻ 2030' ആദ്യ അഞ്ചുവർഷം പിന്നിട്ടു. ഈ കാലത്തിനിടയിൽ രാജ്യം അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചതായി സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാൻ കൂടിയായ രാജകുമാരൻ പറഞ്ഞു. പദ്ധതിക്ക് വലിയ പിന്തുണയും പരിഗണനയും നൽകിയ സൽമാൻ രാജാവിന് കിരീടാവകാശി നന്ദി അറിയിച്ചു. 

കഴിഞ്ഞ അഞ്ചു വർഷവും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലായിരുന്നു. ആരോഗ്യരംഗത്തെ അടിയന്തിര സേവനങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്നത് 87 ശതമാനമായി ഉയർത്തി. മുമ്പ് ഇത് 36 ശതമാനമായിരുന്നു. വാർഷിക റോഡപകട മരണ നിരക്ക് ഒരുലക്ഷം ആളുകളിൽ 13.5 മരണമായി കുറക്കാൻ കഴിഞ്ഞു. നേരത്തെ ഇത് 28 ആയിരിക്കുന്നു. ഭവന നിർമാണ മേഖലയിലെ നേട്ടങ്ങളും കൗൺസിൽ അവലോകനം ചെയ്തു. അഞ്ച് വർഷത്തിനുള്ളിൽ വീടു ലഭിച്ചവരുടെ എണ്ണം 60 ശതമാനമായി ഉയർന്നു. നേരത്തെ 47 ശതമാനമായിരുന്നു. ഭവന സഹായം ഉടനടി ലഭിക്കാനുള്ള സംവിധാനങ്ങളൊരുക്കി. നേരത്തെ 14 വർഷം വരെ കാത്തിരിക്കേണ്ടിവന്നിരുന്നു. 

രാജ്യത്തെ പുരാവസ്തു, പൈതൃക സ്ഥലങ്ങളുടെ എണ്ണം വർധിച്ചു. യുനസ്കോ പൈതൃക പട്ടികയിൽ 2020 വരെ 354 പുരാവസ്തു പൈതൃക സ്ഥലങ്ങൾ ഇടം തേടി. 2017 ഇടം നേടിയ സ്ഥലങ്ങളുടെ എണ്ണം 241 ആയിരുന്നു. ദേശീയ സാംസ്കാരിക പൈതൃക രജിസ്റ്ററിൽ രജിസ്റ്റർ ചെയ്ത നഗര പൈതൃക സ്ഥലങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായി. 2020ൽ സ്ഥലങ്ങളുടെ എണ്ണം 1000 വരെയെത്തി. 2016ല്‍ 400 സ്ഥലങ്ങളാണുണ്ടായിരുന്നത്. 

ഇരുഹറമുകളിലും പുണ്യസ്ഥലങ്ങളിലും തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ശേഷി വർധിപ്പിച്ചു. അഞ്ച് മിനുറ്റുനുള്ളിൽ ഉംറ വിസകൾ നേടാൻ സാധിച്ചു. നേരത്തെ വിസ ലഭിക്കാൻ 14 ദിവസമെടുത്തിരുന്നു. മിനുറ്റുകൾക്കുള്ളിൽ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള സംവിധാനവും ആരംഭിച്ചു. ഇതുവഴി രാജ്യത്തെ രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പുരനുജ്ജീവിക്കാനും ആഭ്യന്തര വരുമാനം വർധിപ്പിക്കാനും ധാരാളം പേർക്ക് തൊഴിവലസരങ്ങൾ നൽകാനും സാധിച്ചു. 

ടൂറിസം മേഖല മുമ്പുള്ളതിനേക്കാൾ കൂടുതൽ വളർച്ച രേഖപ്പെടുത്തി. കായിക രംഗത്ത് 2020 വരെ രണ്ടായിരത്തിലധികം കായിക സാംസ്കാരിക പരിപാടികൾ സംഘടിച്ചു. 46 ദശലക്ഷം പേർ കായിക പരിപാടികൾ കാണാനെത്തി. വിനോദ മേഖലയിലെ കമ്പനികളുടെ എണ്ണം ആയിരം കവിഞ്ഞു. 2020 വരെ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടായി. പരിസ്ഥിതി സംരക്ഷണ രംഗത്തും അഞ്ച് വർഷത്തിനിടയിൽ വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. സസ്യ ജന്തുജാലങ്ങളെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നതിന് ധാരാളം പ്രകൃത സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചു. കാർബൺ ഡൈഓക്സൈഡ് ഉദ്വമനം കുറക്കുന്നതിന് പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളുടെ ഉപയോഗം വർധിപ്പിച്ചു. ഇതിനായി മെഗാ പദ്ധതികൾ പ്രഖ്യാപിച്ചു. 

പൊതു നിക്ഷേപ ഫണ്ടിന്റെ ആസ്തി 2020 ൽ 1.5 ട്രില്യൻ റിയാലിലെത്തി. 2015 ൽ 580 ബില്യൺ റിലായിരുന്നു. സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ രംഗത്ത് വൻ കുതിപ്പുണ്ടായി. നിയോം, ഖിദ്ദിയ, റെഡ് സീ എന്നീ പദ്ധതികൾ ആരംഭിക്കാനും വിദേശ നിക്ഷേപങ്ങളെ ആകർഷിക്കാനും ധാരാളം തൊഴിലവസരങ്ങളുണ്ടാക്കാനും സഹായിച്ചു. അഴിമതി നിർമാർജ്ജ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി. 

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 247 ബില്യൺ റിയാൽ പൊതുഖജനാവിലേക്ക്  തിരിച്ചുപിടിച്ചു. സ്വദേശികൾ തൊഴിൽ ലഭ്യമാക്കാൻ വിവിധ പദ്ധതികൾ ആരംഭിച്ചു.  4,22,000 സ്വദേശികൾക്ക് തൊഴിലവസരങ്ങളുണ്ടാക്കാൻ സാധിച്ചു. എണ്ണേതര വരുമാനങ്ങളും വർധിച്ചു. വ്യവസായ സ്ഥാപനങ്ങളുടെയും ഫാക്ടറികളുടെയും എണ്ണത്തിൽ  38 ശതമാനം വർധനവുണ്ടായി. ഫാക്ടറികളുടെ എണ്ണം 9984 ആയി. മുമ്പ് 7206 ആയിരുന്നു.  ഈർജ്ജം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലും മുമ്പുള്ളതിനേക്കാൻ വലിയ പുരോഗതിയാണ് വിഷൻ 2030 ലുടെ രാജ്യം കൈവരിച്ചതെന്ന് സാമ്പത്തിക വികസന കാര്യ കൗൺസിൽ വിലയിരുത്തി.

Read more: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

click me!