സൗദിയിൽ ബിനാമി ബിസിനസ് തടയാൻ ഊർജിത ശ്രമം

By Web TeamFirst Published Apr 8, 2019, 12:20 AM IST
Highlights

ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങളുടെ മേൽ ചുമത്തുന്ന പിഴയുടെ 30 ശതമാനം വരെ ബിനാമി ബിസിനസിനെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് നൽകുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു

ദമാം: സൗദിയിൽ ബിനാമി ബിസിനസ് തടയാൻ ഊർജിത ശ്രമം തുടങ്ങി. ബിനാമി ബിസിനസിനെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ വരെ പാരിതോഷികം നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങളുടെ മേൽ ചുമത്തുന്ന പിഴയുടെ 30 ശതമാനം വരെ ബിനാമി ബിസിനസിനെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് നൽകുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇങ്ങനെ നൽകുന്ന തുകയുടെ പരിധിയാണ് ഇപ്പോൾ പത്തു ലക്ഷം റിയാലാക്കി ഉയർത്തിയിരിക്കുന്നത്‌. വിവരം നൽകുന്ന ബിനാമി സ്ഥാപനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസൃതമായി പ്രതിഫലവും ഉയരും. സ്വദേശികളുടെ മറവിൽ വിദേശികൾ ഇത്തരം സ്ഥാപനങ്ങൾ നടത്തിവരുന്നത് വിപണിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ബിനാമി ബിസിനസ് തടയാൻ മന്ത്രാലയം ഊർജിത ശ്രമം ആരംഭിച്ചത്.

രാജ്യത്ത് ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരാനായി നിയോഗിച്ച സർക്കാർ സമിതി സമർപ്പിച്ച ശുപാർശ ഭരണാധികാരി സൽമാൻ രാജാവ് അംഗീകരിച്ചു. ബിനാമി ബിസിനസ് തടയുന്നതിന് പുറമെ ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുകയും ഒരു പരിധിക്കപ്പുറം വിദേശത്തേക്ക് പണം ഒഴുകുന്നതിനുള്ള സാധ്യത തടഞ്ഞു സാമ്പത്തിക ക്രയ വിക്രയങ്ങൾക്ക് ഒരു സംവിധാനമുണ്ടാക്കുന്നതിനും ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. 

click me!