ചെറുകിട സൂപ്പർമാര്‍ക്കറ്റുകളിലും സ്വദേശിവത്കരണം; ആശങ്കയോടെ സൗദിയിലെ പ്രവാസികള്‍

By Web TeamFirst Published Dec 27, 2018, 12:23 AM IST
Highlights

സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനൊപ്പം പണമിടപാടുകൾ നിരീക്ഷിക്കുകയുമാണ് ആദ്യ ഘട്ടത്തിൽ ബഖാലകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഓരോ സ്ഥാപനത്തിലെയും സാമ്പത്തിക ഇടപാടുകൾ പൂർണമായും നിരീക്ഷിക്കുന്നതിന് ബാങ്ക് അക്കൗണ്ടുകൾ തുറക്കണമെന്നുള്ള നിബന്ധനയും ഉടൻ നടപ്പിലാക്കും

ദമാം: ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങളും (ബഖാലകൾ) സ്വദേശിവത്കരിക്കുമെന്ന് സൗദി വാണിജ്യ നിക്ഷേപ മന്ത്രി. നിയമം പ്രാബല്യത്തിലായാൽ ചെറുകിട സൂപ്പർ മാർക്കറ്റുകളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് വിദേശികൾക്ക് ജോലി നഷ്ടമാകും.

ബിനാമി ബിസിനസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖുസൈബി വ്യക്തമാക്കി. ഇത് വഴി മുപ്പത്തയ്യായിരത്തോളം സ്വദേശികള്‍ക്ക് തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനൊപ്പം പണമിടപാടുകൾ നിരീക്ഷിക്കുകയുമാണ് ആദ്യ ഘട്ടത്തിൽ ബഖാലകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഓരോ സ്ഥാപനത്തിലെയും സാമ്പത്തിക ഇടപാടുകൾ പൂർണമായും നിരീക്ഷിക്കുന്നതിന് ബാങ്ക് അക്കൗണ്ടുകൾ തുറക്കണമെന്നുള്ള നിബന്ധനയും ഉടൻ നടപ്പിലാക്കും.

ബഖാലകൾ നടത്തുന്നവർ വഴി രാജ്യത്തിന് പുറത്തേക്കു വൻതോതിൽ പണം പോകുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സ്വദേശികളുടെ പേരില്‍ വിദേശികള്‍ക്ക് ബിസിനസ് ചെയ്യാന്‍ നിലവിൽ നിയമം അനുവദിക്കുന്നില്ല. എന്നാൽ, ഇത്തരത്തില്‍ ബിനാമി ബിസിനസ് നടത്തി വന്ന 1,704 സ്ഥാപനങ്ങള്‍ക്കെതിര അധികൃതർ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, ചെറുകിട ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ലെവിയും മറ്റു ഫീസുകളും ഒഴിവാക്കുന്നതിന്നായി മന്ത്രിസഭ സമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. 2021 വരെ ഇത്തരത്തില്‍ ലെവിയും മറ്റു ഫീസുകളും ഒഴിവാക്കാനാണ് ശുപാര്‍ശ. 

click me!