12 വാണിജ്യ മേഖലകളിലെ സ്വദേശിവത്കരണം ചൊവ്വാഴ്ച മുതല്‍

By Web TeamFirst Published Sep 10, 2018, 12:03 AM IST
Highlights

ഈ മേഖലകളിൽ എഴുപതു ശതമാനം സ്വദേശിവൽക്കരണമാണ് നടപ്പിലാക്കുന്നത്. ഈ മേഖലകളിലെ അഞ്ചില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരു വിദേശിയെ ശുചീകരണ തൊഴിലാളിയായോ കയറ്റിയിറക്കൽ തൊഴിലിനു വേണ്ടിയോ നിയമിക്കാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

റിയാദ്: സൗദിയിൽ വാണിജ്യ മേഖലകളിലെ സ്വദേശി വത്കരണത്തിനു ചൊവ്വാഴ്ച തുടക്കമാകും. പന്ത്രണ്ട് വിഭാഗം വാണിജ്യ സ്ഥാപനങ്ങളിലാണ്  സ്വദേശി വത്കരണത്തിനു തുടക്കം കുറിക്കുന്നത്. വസ്ത്ര വിപണന മേഖല, ഫര്‍ണീച്ചര്‍, വാഹന വിപണനം. ഓഫീസ്- വീട്ടുപകരണങ്ങള്‍, പാദരക്ഷകൾ, സ്പോർസ് ഷൂ, സൗന്ദര്യ വർദ്ധകവസ്തുക്കള്‍, സൈനിക യൂണിഫോം തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലാണ് ഒന്നാം ഘട്ടമായി ചൊവ്വാഴ്ച മുതൽ സ്വദേശിവൽക്കരണം  നടപ്പിലാക്കുന്നത്.

ഈ മേഖലകളിൽ എഴുപതു ശതമാനം സ്വദേശിവൽക്കരണമാണ് നടപ്പിലാക്കുന്നത്. ഈ മേഖലകളിലെ അഞ്ചില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരു വിദേശിയെ ശുചീകരണ തൊഴിലാളിയായോ കയറ്റിയിറക്കൽ തൊഴിലിനു വേണ്ടിയോ നിയമിക്കാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  എന്നാല്‍ ചിലസ്ഥലങ്ങളിൽ സ്വദേശികളെ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ ചില സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന സാഹചര്യമാണുള്ളത്. 

സ്ഥാപനങ്ങള്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നതിനാല്‍ ചിലർ ജോലിചെയ്യാൻ വിമുഖത കാണിക്കുന്നതായാണ് റിപ്പോർട്ട്. സ്വദേശികളെ ആവശ്യമുണ്ടെന്ന് കാണിച്ച് ചില സ്ഥാപനങ്ങള്‍ക്കു മുൻപിൽ പരസ്യ ബോഡുകളും സ്ഥാപിച്ചിട്ടുണ്ട്. 

വാണിജ്യ മേഖലയിലെ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നിയമ ലംഘനം കണ്ടെത്തിയാല്‍ പതിനായിരം റിയാല്‍ മുതല്‍ ഇരുപതിനായിരം റിയാല്‍ വരെ സ്ഥാപനത്തിന് പിഴ ഈടാക്കുമെന്നു തൊഴിൽ മന്ത്രാലയം അറിയിച്ചു.
 

click me!