
സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ(33) (Nimisha Priya) വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി. ദയാധനം നല്‍കി നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദയാധനമായി (Blood Money) രണ്ട് കോടി രൂപവരെ നല്‍കേണ്ടി വന്നേക്കുമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ കണക്കുകൂട്ടല്‍. ഒരു മാസത്തിനുള്ളില്‍ ഈ തുക കണ്ടെത്തണം. നിമിഷ പ്രയയുടെ വധശിക്ഷക്കെതിരെ ഉടന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്നും നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. നേരത്തെ
കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചത്. സനായിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിച്ചു. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. എന്നാല്‍ യുവതിയുടെ വധശിക്ഷ കോടതി ശരിവെക്കുകയായിരുന്നു.
തലാല്‍ അബ്ദുമഹ്ദിയുടെ കുടംബത്തിന് ബ്ലഡ് മണി നല്‍കി വധ ശിക്ഷ ഒഴിവാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 2017 ജൂലൈ 25 നാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.
Read More : Nimisha Priya : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷ പ്രിയയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു
തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് നിമിഷ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പറയുന്നത്. നിമിഷ പ്രിയ തലാലിന്‍റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ട്. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.
നിമിഷപ്രിയക്കാപ്പം യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായിരുന്നു. കീഴ്ക്കോടതി നിമിഷയെ വധശിക്ഷക്ക് വിധിച്ചതിനെ തുടര്‍ന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുകയായിരുന്നു. കോടതിക്ക് മുന്നില്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായെത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്. ഇതിനിടെ വധശിക്ഷ ഒഴിവാക്കണമെന്ന നിമിഷപ്രിയയുടെ അപ്പീല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് ഒരാഴ്ചത്തേക്ക് കോടതി നീട്ടിവെച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ