Nimisha Priya : വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിച്ചത്. 

സനാ : യെമന്‍ പൌരനെ (Yemen Citizen) കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ (Nimisha priya) വധശിക്ഷ ശരിവച്ചു. സനായിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. എന്നാല്‍ യുവതിയുടെ വധശിക്ഷ കോടതി ശരിവെക്കുകയായിരുന്നു. വധശിക്ഷ ശരിവച്ചതോടെ യെമൻ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്‍റെ പരിഗണനയ്ക്ക് കേസ് സമർപ്പിക്കാം. എന്നാൽ അവിടെ അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്ന് പരിശോധിക്കുക മാത്രമാണ് പതിവ്. 

2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്‍റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ട്. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.