ഖത്തറില്‍ സ്‌കൂളുകള്‍ വീണ്ടും സജീവമായി; സുരക്ഷാ ഉറപ്പുമായി മന്ത്രാലയങ്ങള്‍

Published : Mar 30, 2026, 05:49 PM IST
Qatar school

Synopsis

മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് ഏർപ്പെടുത്തിയ ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ സർക്കാർ-സ്വകാര്യ സ്കൂളുകൾ വീണ്ടും തുറന്നു. ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

ദോഹ: മേഖലയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാര്‍ച്ച് മാസം ആദ്യം മുതല്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ പഠനത്തിന് ശേഷം ഖത്തറിലെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച ക്ലാസ്സ് മുറികളിലേക്ക് മടങ്ങിയത്തി. 28 ദിവസത്തിന് ശേഷമാണ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. അതേസമയം, സിബിഎസ് ഇ സിലബസ് പിന്തുടരുന്ന ഇന്ത്യന്‍ സ്‌കൂളുകളില്‍ എപ്രില്‍ ഒന്നിനായിരിക്കും നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നത്.

മേഖലയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് രാജ്യത്തെ വിദ്യാലയങ്ങള്‍ തുറന്നത്. 4.17 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പൊതു-സ്വകാര്യ വിദ്യാലയങ്ങളിലായി ഇന്ന് ഹാജരായത്. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഖത്തറിലെ എല്ലാ സ്‌കൂളുകളിലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങളും സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം രക്ഷിതാക്കള്‍ക്ക് ഉറപ്പുനല്‍കി.

സുരക്ഷിതമായ അധ്യയന അന്തരീക്ഷം ഉറപ്പാക്കാന്‍ അധ്യാപകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. സ്‌കൂള്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് വിപുലമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച നടന്ന വര്‍ക്ക്‌ഷോപ്പുകളില്‍ 1,200-ഓളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട ഒഴിപ്പിക്കല്‍ നടപടികള്‍, സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവയില്‍ ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി.

സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അടിയന്തര ഒഴിപ്പിക്കല്‍ സാഹചര്യമുണ്ടായാല്‍ പരിഭ്രാന്തരാകാതെ സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും എലിവേറ്ററുകള്‍ ഒഴിവാക്കി ഗോവണികള്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുക. സ്‌കൂള്‍ പരിസരത്തെ നിശ്ചിത സുരക്ഷിത കേന്ദ്രങ്ങളില്‍ അഥവാ അസംബ്ലി പോയിന്റുകളില്‍ മാത്രം ഒത്തുകൂടുക. അധികൃതരുടെ നിര്‍ദ്ദേശം ലഭിക്കുന്നതുവരെ അവിടെത്തന്നെ തുടരുക. പുറത്ത് അപകടസാഹചര്യമുണ്ടെങ്കില്‍ കെട്ടിടത്തിനകത്തെ സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ തുടരുക.

തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കാതെ മന്ത്രാലയങ്ങളുടെ ഔദ്യോഗിക ചാനലുകളിലൂടെ വരുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രം പിന്തുടരുക. സ്‌കൂള്‍ ബസുകളില്‍ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും ഡ്രൈവര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ അനുസരിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍, വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പിലാക്കുന്നതിലും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സംഘർഷം നീളുമ്പോൾ നാട്ടിൽ പോകണോ? അനുഭവസ്ഥർ പറയും...
കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് ആക്രമിച്ചു; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, ഇറാനിൽ വാതക ചോർച്ച