Latest Videos

സയൻസ് ഇന്ത്യാ ഫോറം രണ്ടാമത് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്

By Web TeamFirst Published Jan 7, 2021, 9:40 AM IST
Highlights

168 ടീമുകൾ സൗദിയിലെ 12 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി പങ്കെടുത്തു. ഓരോ സ്കൂളിലും പ്രത്യകം നടത്തിയ മത്സരങ്ങളിൽ നിന്ന് വിജയികളായ ടീമുകളാണ് സൗദി ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പങ്കെടുത്തത്. 

റിയാദ്: ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന പരീക്ഷണങ്ങളടക്കം വിജ്ഞാനങ്ങളുടെ പുതിയ വാതായനങ്ങൾ കുട്ടികൾക്ക് മുമ്പിൽ തുറന്നിട്ട് സയൻസ് ഇന്ത്യാ ഫോറം സൗദി ഘടകത്തിന്റെ രണ്ടാമത് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്. കോവിഡ് പശ്ചാത്തലത്തിൽ വെർച്വലായി സംഘടിപ്പിച്ച പരിപാടിക്ക് സയൻസ് ഇന്ത്യാ ഫോറം പ്രതിനിധികൾ നേതൃത്വം നൽകി. 

സൗദിയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, സയൻസ് കോഓഡിനേറ്റർമാർ തുടങ്ങിയവർ സജീവമായി പങ്കെടുത്തു.
പരിപാടിയിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീരാം പ്രസാദ് മുഖ്യാഥിതിയായിരുന്നു. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിൽ സൗദി സയൻസ് ഇന്ത്യാഫോറത്തിന്റെ പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ഇത്തരം ഉദ്യമങ്ങൾ ഏറ്റെടുത്തു നടത്തുന്നതിന് ഫോറത്തെ അഭിനന്ദിക്കുകയും ചെയ്തു. 

ഇന്ത്യൻ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് അക്കാദമിക് ചെയർമാൻ ഡോ. ലളിത് ശർമ്മ, മുൻ ചെയർമാൻ ടി.പി. രഘുനാഥ്, സയൻസ് ഇന്ത്യാഫോറം ജി.സി.സി കോഓഡിനേറ്റർ അബ്‌ഗാർ, ഫോറം സൗദി നാഷനൽ പ്രസിഡൻറ് ബിജു മുല്ലശ്ശേരി, ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് നാഷനൽ കോഓഡിനേറ്റർ ഡോ.കെ.സി. നാരായണൻ, ദമ്മാം ചാപ്റ്റർ പ്രസിഡൻറ് സനൽകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. 

സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഓസാഫ് സഈദിന്റെ ആശംസാ സന്ദേശം അവതാരകൻ ഡോ. സുന്ദർ ചടങ്ങിൽ വായിച്ചു. വളരെ തുമയുള്ളതും ഗുണമേന്മയുള്ളതുമായ സയൻസ് പ്രബന്ധങ്ങളാണ്‌ ഈ വർഷത്തെ സൗദി ചിൽഡ്രൻസ് സയൻസ് കോൺഗ്രസിനെ വ്യത്യസ്തമാക്കുന്നതെന്ന് ഡോ. ലളിത് ശർമ്മ അഭിപ്രായപ്പെട്ടു. മുഖ്യ പ്രബന്ധ വിഷയവും അനുബന്ധ വിഷയങ്ങളും കുട്ടികൾക്ക് വൈവിധ്യമുള്ള പ്രബന്ധങ്ങൾ തെരഞ്ഞെടുക്കാനും അവതരിപ്പിക്കാനും ഇടനൽകുന്ന ഒന്നായിരുന്നെന്ന് ടി.പി. രഘുനാഥ് അഭിപ്രായപ്പെട്ടു. 

168 ടീമുകൾ സൗദിയിലെ 12 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി പങ്കെടുത്തു. ഓരോ സ്കൂളിലും പ്രത്യകം നടത്തിയ മത്സരങ്ങളിൽ നിന്ന് വിജയികളായ ടീമുകളാണ് സൗദി ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പങ്കെടുത്തത്. ആറു മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള റിയാദ്, ദമ്മാം പ്രവിശ്യകളിലെ ഇന്ത്യൻ സ്കൂൾ കുട്ടികളാണ് പങ്കെടുത്തത്. തെരഞ്ഞെടുത്ത 10 കുട്ടികളുടെ പ്രൊജക്ടുകൾ ഇന്ത്യയിൽ നടക്കുന്ന നാഷനൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ അവതരിപ്പിക്കുന്നതിന് യോഗ്യത നേടി. 

click me!