സൗദിയില്‍ 12 മേഖലകളിലെ രണ്ടാംഘട്ട സ്വദേശിവത്കരണം അടുത്തമാസം മുതല്‍

By Web TeamFirst Published Oct 16, 2018, 9:56 AM IST
Highlights

നിയമലംഘനം കണ്ടെത്താനായി അധികൃതർ ഇപ്പോഴും പരിശോധന തുടരുകയാണ്. നിയമം നടപ്പിലാക്കാതെ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചിലതു ഇതിനോടകം അടച്ചുപൂട്ടുകയും ചെയ്തു.

റിയാദ്: രാജ്യത്തെ 84 ശതമാനം സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളിലെ സ്വദേശി വത്കരണം നടപ്പിലാക്കിയതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. 12 മേഖലകളിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം നവംബർ 11ന് പ്രാബല്യത്തിൽ വരും.

വാച്ച്, കണ്ണട, ഇലക്ട്രിക്ക് ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലാണ് നവംബർ 11 മുതൽ രണ്ടാം ഘട്ട സ്വദേശിവത്കരണം പ്രാബല്യത്തിൽ വരുന്നത്.
റേഡിയോ, ടിവി എന്നിവയുടെ കച്ചവടം,  ഫ്രിഡ്ജ്, ഓവൻ, ടെലിഫോൺ എന്നിവയുടെ മൊത്തക്കച്ചവടം, പമ്പു സെറ്റുകൾ, ട്രാൻസ്‌ഫോർമർ എന്നിവയുടെ വ്യാപാരം ഇലക്ട്രിക്ക് കളിപ്പാട്ടങ്ങളുടെ മൊത്തക്കച്ചവടം എന്നിവയാണ് രണ്ടാംഘട്ട സ്വദേശിവത്കരണത്തിൽ ഉൾപ്പെടുന്നത്.

അതേസമയം മോട്ടോര്‍സൈക്കിള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫർണിച്ചറുകൾ, പാത്രങ്ങള്‍, സൈനിക യുണിഫോമുകള്‍ തുടങ്ങിയവ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ പ്രഖ്യാപിച്ച ഒന്നാംഘട്ട സ്വദേശിവത്കരണം 84 ശതമാനം സ്ഥാപനങ്ങളും നടപ്പിലാക്കിയതായി തൊഴില്‍ സാമുഹികക്ഷേമ ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുല്ല അബൂസനീന്‍ പറഞ്ഞു.

ഈ മേഖലകളിലെ നിയമലംഘനം കണ്ടെത്താനായി അധികൃതർ ഇപ്പോഴും പരിശോധന തുടരുകയാണ്. നിയമം നടപ്പിലാക്കാതെ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചിലതു ഇതിനോടകം അടച്ചുപൂട്ടുകയും ചെയ്തു.

click me!