
റിയാദ്: ഉംറ തീർഥാടനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായി. ഒന്നാം ഘട്ടത്തിൽ പ്രതിദിനം 6000 പേർ എന്നത് ഇന്ന് മുതൽ 15000 ആയി ഉയർന്നു. കൊവിഡിനെ തുടർന്ന് പുറത്തുനിന്നുള്ളവർക്ക് നിർത്തിവെച്ചിരുന്ന നമസ്‍കാരവും ഇന്ന് മുതൽ പുനരാരംഭിച്ചു. പ്രതിദിനം 40,000 പേർ നമസ്കാരത്തിനായി ഹറമിൽ എത്തും.
14 ദിവസം നീളുന്ന രണ്ടാം ഘട്ടത്തിൽ 2,20,000 പേർ ഉംറ തീർഥാടനം നിർവഹിക്കും. 5,60,000 പേർ നമസ്കാരത്തിനായും മസ്ജിദുൽ ഹറമിൽ എത്തും. കോവിഡ് മൂലം നിർത്തിവെച്ച ഉംറ തീർഥാടനം ഒക്ടോബർ നാലിനാണ് പുനരാരംഭിച്ചത്. ആദ്യഘട്ടമായി പ്രതിദിനം 6,000 തീർഥാടകരെ മാത്രമാണ് അനുവദിച്ചിരുന്നത്. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഉംറ തീർഥാടനവും ഹറമിലെ നമസ്കാരവും.
മദീന റൗദ സന്ദർശനം, റൗദയിലെ നമസ്കാരം എന്നിവയ്ക്കും ഇന്ന് മുതൽ തുടക്കമായി. റൗദാ സന്ദർശനത്തിന് ഒരു ദിവസം 11,880 പേർക്കാണ് അനുമതി നൽകുന്നത്. ഹജ്ജ് മന്ത്രാലയം ഒരുക്കിയ ഇഅ്തർമനാ ആപ്പിലൂടെ അനുമതി പത്രം നേടിയവർക്ക് മാത്രമായിരിക്കും ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും റൗദാ സന്ദർശനത്തിനും അനുമതി നൽകുക. ഇഅ്തമർനാ ആപ് ഉപയോഗിക്കുന്നതിനും അനുമതി പത്രത്തിനും യാതൊരു ഫീസും ഈടാക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam