പെണ്‍സുഹൃത്തിന്റെ ഉപദേശം കേട്ട് ദുബായില്‍ യുവാവ് 50 ലക്ഷം ദിര്‍ഹം മോഷ്ടിച്ചു

First Published Jul 26, 2018, 6:50 PM IST
Highlights

ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, എടിഎമ്മുകളില്‍ എന്നിവയിലേക്ക് പണം കൊണ്ടുപോയിരുന്ന സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന കെനിയക്കാരനാണ് മോഷണം നടത്തിയത്.

ദുബായ്: പെണ്‍സുഹൃത്തിന്റെ ഉപദേശം കേട്ട് 50 ലക്ഷം ദിര്‍ഹം മോഷ്ടിച്ച യുവാവിനെ കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചു. 50 ലക്ഷം ദിര്‍ഹം പിഴയും അടയ്ക്കണം. ഇയാളുടെ കാമുകിക്കും മോഷണത്തില്‍ പങ്കാളിയായ മറ്റൊരാള്‍ക്കും 7 വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല.

ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, എടിഎമ്മുകളില്‍ എന്നിവയിലേക്ക് പണം കൊണ്ടുപോയിരുന്ന സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന കെനിയക്കാരനാണ് മോഷണം നടത്തിയത്. രണ്ട് മണി എക്സ്ചേഞ്ച് കമ്പനികളില്‍ നിന്ന് ശേഖരിച്ച 5,090,171 ദിര്‍ഹമാണ് ഇയാള്‍ കവര്‍ന്നത്. ഒരു ജിമ്മില്‍ സെക്യൂരിറ്റി ജീവനക്കാരിയായി ജോലി ചെയ്തിരുന്ന കെനിയക്കാരായാണ് കൊള്ളയുടെ സൂത്രധാരിയെന്ന് പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.

ദേറയിലെ ഒരു ഷോപ്പിങ് സെന്ററിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് പണമടങ്ങിയ പെട്ടി യുവാവ് കാമുകിക്ക് കൈമാറുകയായിരുന്നു. ഇതില്‍ 30 ലക്ഷം ദിര്‍ഹം യുവതിക്ക് നല്‍കണമെന്നും ബാക്കി ഇയാള്‍ക്ക് എടുക്കാമെന്നുമായിരുന്നുവെന്നു ഇവരുടെ പദ്ധതി. പണം വീതം വെയ്ക്കുന്നതിനിടെയാണ് പിടിയിലായത്. മോഷ്ടിച്ച പണം സൂക്ഷിച്ച കുറ്റമാണ് മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനെതിരെ ചുമത്തിയിരിക്കുന്നത്.

ആറ് വര്‍ഷമായി സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന യുവാവ് ആറ് മാസം മുന്‍പാണ് യുവതിയെ പരിചയപ്പെട്ടത്. യുവതി ജോലി ചെയ്തിരുന്ന ജിമ്മില്‍ നിന്ന് പണം വാങ്ങാന്‍ പോകുന്ന പരിചയം പിന്നീട് ഉറ്റബന്ധമായി വളര്‍ന്നു. ദിവസം മൂന്ന് കോടി മുതല്‍ അഞ്ച് കോടി വരെ ദിര്‍ഹം താന്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് യുവാവ് പറഞ്ഞതോടെയാണ് ഇതില്‍ നിന്ന് കുറച്ച് മോഷ്ടിക്കാമെന്ന ആശയം യുവതി മുന്നോട്ട് വെച്ചത്. ജോലിക്കിടെ ഒപ്പമുള്ളവര്‍ പണം വാങ്ങാന്‍ ഒരു സ്ഥാപനത്തിലേക്ക് പോയ സമയം നോക്കിയാണ് വാഹനത്തിനടുത്ത് വന്ന സുഹൃത്തിന് ഒരു പെട്ടി നിറയെ നോട്ടുകള്‍ കൊടുത്തുവിട്ടത്. 50 ലക്ഷം ദിര്‍ഹമായിരുന്നു ഇതിലുണ്ടായിരുന്നത്.

പണം സൂക്ഷിച്ചിരുന്ന പെട്ടി മറ്റൊരു പെട്ടിയ്ക്കുള്ളിലാക്കി കൊണ്ടുപോകുകയായിരുന്നു. ഇതിന് ശേഷം 90171 ദിര്‍ഹം വേറെയും മോഷ്ടിച്ചു. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന്റെ താമസ സ്ഥലത്താണ് പണം സൂക്ഷിച്ചിരുന്നത്. ഇയാള്‍ പിന്നീട് ഷാര്‍ജയിലേക്ക് രക്ഷപെട്ടു. സ്ത്രീ സുഹൃത്ത് കെനിയയിലേക്ക് മടങ്ങിപ്പോയെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരുടെയും അസാന്നിദ്ധ്യത്തിലാണ് ശിക്ഷ വിധിച്ചത്.

click me!