
കുവെെത്ത് സിറ്റി: കുവൈത്തിൽ അഴിമതി കേസിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അടക്കം ഏഴു പേർ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ ആദിൽ ഹഷാഷ് അടക്കമുള്ള പ്രമുഖരാണ് പിടിയിലായത്. കുവൈത്തിലെ ഏറ്റവും പ്രമുഖനായ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ ആദിൽ ഹഷാഷ് അടക്കമുള്ള ഏഴു പേരെയാണു കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിൽ എത്തുന്ന അഥിതികളെ സ്വീകരിക്കുന്നതിന് ബൊക്കകളും പൂമാലകളും വാങ്ങിയ ഇടപാടിൽ 27 മില്ല്യൺ ദിനാർ അതായത് ഏകദേശം അറുന്നൂറു കോടി രൂപയുടെ അഴിമതി നടത്തിയതായാണ് കണ്ടെത്തൽ. മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം മേധാവിയായ ബ്രിഗേഡിയർ ജനറൽ ആദിൽ ഹഷാഷിനായിരുന്നു ഇടപാടുകളുടെ ചുമതല.
ബന്ധുവിന്റെ പേരിൽ ആരംഭിച്ച പൂക്കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പദവി ദുരുപയോഗം ചെയ്തു സർക്കാർ പണം വെട്ടിച്ചുവെന്നാണു കേസ്. കഴിഞ്ഞ മാർച്ചിൽ അഴിമതി പിടിക്കപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ അവധിയിൽ പ്രവേശിച്ചിരുന്നു. അന്വേഷണം പുരോഗിമിക്കവേ കഴിഞ്ഞ ദിവസം വൈകിട്ടാണ് നാടകീയമായി അറസ്റ്റ് നടന്നത്.
അറസ്റ്റിലായ ഏഴു പേരിൽ രണ്ട് പേർ ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും രണ്ട് പേർ വിദേശികളുമാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും പണം തിരിച്ചു പിടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഇസ്സാം അൽ നിഹാൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam