സൗദിയിൽ ശക്തമായ മഴ; ഏഴ് മരണം, 11 പേര്‍ക്ക് പരിക്ക്

By Web TeamFirst Published Oct 29, 2019, 11:53 AM IST
Highlights

43 മില്ലി മീറ്റർ മഴ പെയ്തതായാണ് കണക്ക്. നിരത്തുകളിൽ മഴവെള്ളപ്രവാഹമുണ്ടായി. വാഹനങ്ങൾ അപകടത്തിൽ പെട്ടു. വീടുകൾക്കും കടകൾക്കും കേടുപാടുകളുണ്ടായി. പരസ്യേബാർഡുകളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു. 

റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ചയുണ്ടായ ശക്തമായ മഴയിൽ ഏഴുപേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്ത് അതിർത്തിയോട് ചേർന്നുള്ള സൗദി പട്ടണമായ ഹഫറുൽ ബാതിനിലാണ് സംഭവം. ഞായറാഴ്ച വൈകുന്നരമാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. ആലിപ്പഴ വർഷവുമുണ്ടായി. ശക്തമായ കാറ്റും മഴയും അരമണിക്കൂറിലേറെ നീണ്ടു. 

43 മില്ലി മീറ്റർ മഴ പെയ്തതായാണ് കണക്ക്. നിരത്തുകളിൽ മഴവെള്ളപ്രവാഹമുണ്ടായി. വാഹനങ്ങൾ അപകടത്തിൽ പെട്ടു. വീടുകൾക്കും കടകൾക്കും കേടുപാടുകളുണ്ടായി. പരസ്യേബാർഡുകളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു. ഉയർന്ന പ്രസരണശേഷിയുള്ള വലിയ ഇലക്ട്രിക് ടവറുകളും നിലംപൊത്തിയതായി റിപ്പോർട്ടുണ്ട്. പട്ടണത്തിലെ പ്രധാന സർക്കാർ ആശുപത്രിയിലെ വലിയ പാർക്കിങ് കുടകൾ തകർന്നുവീണു. ആലിപ്പഴ വർഷത്തിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. 

പ്രദേശത്ത് ഗതാഗത തടസമുണ്ടായി. വൈദ്യുതി ബന്ധം തകരാറിലായി. മഴക്കെടുതികളിൽ ഏഴുപേർ മരിച്ചതെന്നും 11 പേർക്ക് ഗുരുതര പരിക്കേറ്റതെന്നും സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. സഹായം തേടി 1176 എമർജൻസി ഫോൺവിളികളാണ് ലഭിച്ചതെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. ഹഫറുൽ ബാതിൻ ഗവർണർ ഷുഹൈബ് ഫലീജ് മഴക്കെടുതിയുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

click me!