45,000 അടി ഉയരത്തിൽ വരെ ചാരവും പുകയും, അഗ്നിപർവ്വത സ്ഫോടനം, ഇന്ത്യ-ഗൾഫ് സെക്ടറിൽ തടസ്സപ്പെട്ടത് നിരവധി വിമാന സർവീസുകൾ

Published : Nov 25, 2025, 01:01 PM IST
flightradar

Synopsis

എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിരവധി വിമാന സർവീസുകൾ തടസ്സപ്പെട്ടു. ആകാശ എയർ, എയർ ഇന്ത്യ, കെഎൽഎം, ഇൻഡിഗോ എന്നിവയുൾപ്പെടെ നിരവധി വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.

ദില്ലി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഇന്ത്യ-ഗൾഫ് റൂട്ടില്‍ നിരവധി വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇതേത്തുടർന്ന് സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയും വിമാന സർവീസുകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് 45,000 അടി വരെ ഉയരത്തിൽ വരെ ഇതില്‍ നിന്നുള്ള ചാരം കലർന്ന പുകപടലം വ്യാപിച്ചു.

വിമാന സർവീസുകൾ റദ്ദാക്കി

സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന്, ആകാശ എയർ, എയർ ഇന്ത്യ, കെഎൽഎം, ഇൻഡിഗോ എന്നിവയുൾപ്പെടെ നിരവധി വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. ദില്ലിയിൽ നിന്ന് ടോക്കിയോയിലേക്കുള്ള എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് തൊട്ടുമുമ്പ് റദ്ദാക്കി. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും ദുബായിലേക്കുമുള്ള വിമാന സർവീസുകൾ മുൻകരുതൽ നടപടിയായി നിർത്തിവച്ചു. ഇൻഡിഗോയുടെ കൊച്ചി-ദുബായ് വിമാനവും ആകാശ എയറിന്‍റെ കൊച്ചി-ജിദ്ദ വിമാനവും നിലത്തിറക്കി. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. നവംബർ 24-25 തീയതികളിലെ ജിദ്ദ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ ആകാശ എയർ വിമാനങ്ങളും റദ്ദാക്കി. കെഎൽഎം തങ്ങളുടെ ആംസ്റ്റർഡാം-ഡൽഹി , ഡൽഹി-ആംസ്റ്റർഡാം വിമാനങ്ങൾ റദ്ദാക്കി.

മുംബൈ വിമാനത്താവളത്തിൽ മുന്നറിയിപ്പ്

എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ചില അന്താരാഷ്ട്ര വിമാന റൂട്ടുകളെ സ്ഫോടനം ബാധിച്ചേക്കാം എന്ന് വിമാനത്താവളം മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

അഗ്നിപർവത ചാരമേഘങ്ങൾ ചെങ്കടലിലേക്ക് വ്യാപിക്കുകയും ഇന്ത്യക്കും ഗൾഫ് മേഖലകൾക്കുമിടയിലെ ഉയർന്ന റൂട്ടുകളിലുള്ള വിമാനങ്ങളെ ബാധിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഹെയ്‌ലി ഗുബ്ബിയിൽ നിന്നുള്ള അഗ്നിപർവ്വത ചാരമേഘം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പടിഞ്ഞാറൻ ഇന്ത്യയിലേക്ക് പ്രവേശിക്കുമെന്ന് 'ഇന്ത്യമെറ്റ് സ്കൈ വെതർ' റിപ്പോർട്ട് ചെയ്തു. ഗുജറാത്ത്, രാജസ്ഥാൻ, വടക്കുപടിഞ്ഞാറൻ മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലൂടെ നീങ്ങി ഇത് ഒടുവിൽ ഹിമാലയൻ മേഖലയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

15,000 നും 45,000 അടിക്കും ഇടയിൽ മണിക്കൂറിൽ 100-120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ പുകപടലത്തിൽ അഗ്നിപർവ്വത ചാരം, സൾഫർ ഡൈ ഓക്സൈഡ്, ചെറിയ പാറക്കഷണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് എ.എൻ.ഐ. റിപ്പോർട്ടുകൾ പറയുന്നു. ഇത് ആകാശം ഇരുണ്ടതാക്കാനും മങ്ങലുണ്ടാക്കാനും വിമാന യാത്രകളെ തടസ്സപ്പെടുത്താനും കാലതാമസമുണ്ടാക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഡിജിസിഎ നിർദ്ദേശം

എഞ്ചിൻ തകരാറുകൾ അല്ലെങ്കിൽ ക്യാബിൻ പുക പോലുള്ള ചാരം കണ്ടെത്തുന്ന സാഹചര്യങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചാരം കണ്ടെത്തിയാൽ വിമാനത്താവള ഓപ്പറേറ്റർമാർ റൺവേകളും ടാക്സിവേകളും പരിശോധിക്കുകയും കാലാവസ്ഥാ, ഉപഗ്രഹ ഡാറ്റ വഴി തുടർച്ചയായ നിരീക്ഷണം നടത്തുകയും വേണം.

എയർലൈനുകളുടെ ഉറപ്പ്

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും തങ്ങളുടെ നെറ്റ്‌വർക്കിൽ "വലിയ സ്വാധീനം" ഇല്ലെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും അവർ വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമയാന ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ഇൻഡിഗോ പ്രവർത്തിക്കുന്നതെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

സ്ഫോടനം നിലച്ചെങ്കിലും, പുകപടലം വടക്കേ ഇന്ത്യയിലേക്ക് നീങ്ങുകയാണ്. കാഴ്ചാപരിധി കുറയാനും, വിമാനങ്ങൾ വൈകാനും, ആകാശം ഇരുണ്ടതും മങ്ങിയതുമായി കാണാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഹെയ്‌ലി ഗുബ്ബി മേഖല മുതൽ ഗുജറാത്ത് വരെ ചാരം വ്യാപിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. 10000 വർഷത്തിന് ശേഷം ആദ്യമായാണ് എത്യോപ്യയിൽ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം