ചുവരില്‍ ചാരിവെച്ച ഷവര്‍മയുടെ വീ‍ഡിയോ ദൃശ്യങ്ങള്‍ വൈറലായി; അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചു

By Web TeamFirst Published Jul 9, 2019, 2:06 PM IST
Highlights

പാചകം ചെയ്യാത്ത മാംസം രണ്ട് ബക്കറ്റുകളില്‍ സൂക്ഷിച്ചിരിക്കുന്നതും ഷവര്‍മ ഉണ്ടാക്കാനുള്ള മാംസം തയ്യാറാക്കി ചുവരില്‍ ചാരി വെച്ചിരിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. 

ഷാര്‍ജ: ഭക്ഷ്യ വസ്തുക്കള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നിലത്തിട്ടിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഷാര്‍ജയില്‍ അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചു. ഖോര്‍ഫഖാനിലെ  ഒരു ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

പാചകം ചെയ്യാത്ത മാംസം രണ്ട് ബക്കറ്റുകളില്‍ സൂക്ഷിച്ചിരിക്കുന്നതും ഷവര്‍മ ഉണ്ടാക്കാനുള്ള മാംസം തയ്യാറാക്കി ചുവരില്‍ ചാരി വെച്ചിരിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ഇതിന് പിന്നാലെ ഹോട്ടല്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കാണിച്ച് മുനിസിപ്പാലിറ്റി പൊലീസില്‍ പരാതി നല്‍കി. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ഇക്കണോമിക് ഡെവലപ്‍മെന്റ് വകുപ്പും മുനിസിപ്പാലിറ്റിയും ചേര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചതായി ഖോര്‍ഫഖാന്‍ മുനിസിപ്പാലിറ്റി മാധ്യമങ്ങളെ അറിയിച്ചു. ഹോട്ടല്‍ അധികൃതര്‍ക്ക് നിയമപ്രകാരമുള്ള പിഴയും ചുമത്തിയിട്ടുണ്ട്.

ഷാര്‍ജ എമിറേറ്റിന് കീഴിലുള്ള ഖോര്‍ഫഖാന്‍ മുനിസിപ്പാലിറ്റിയില്‍ കര്‍ശനമായ ഭക്ഷ്യ സുരക്ഷാ നിയമങ്ങളാണുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അവസാന എട്ട് മാസങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെ 34 റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുകയും 3,345 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്ത. വിവിധ നിയമ ലംഘനങ്ങള്‍ക്ക് 250 ദിര്‍ഹം മുതല്‍ 2500 ദിര്‍ഹം വരെയാണ് ഹോട്ടലുകളില്‍ നിന്ന് പിഴ ഈടാക്കുന്നത്. ഹോട്ടലുകള്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 993 എന്ന നമ്പറില്‍ അറിയിക്കാം. 

click me!