
ഷാര്‍ജ: അറിവിന്റെ ഉത്സവകാലമാണ് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍. കളികളുടെയും വായനയുടെയും വലിയ ലോകം. ചിരിയും ചിന്തകളും പങ്ക് വയ്ക്കുന്ന ഉത്സവകാലം. പുതിയ അനുഭവങ്ങളിലേക്ക് കുരുന്നുകളെ കൈപിടിച്ച് നടത്തുന്ന അനുഭവലോകം. വിനോദത്തിലൂടെ വിഞ്ജാനത്തിലേക്കെത്തുന്ന മനോഹരമായ അനുഭവം.
കുട്ടികളുടെ ലോകമാണ് ഷാര്‍ജ എക്സ്പോ സെന്ററിലെ ഈ റീഡിങ് ഫെസ്റ്റിവല്‍. കുട്ടികൾക്കായി എഴുതുന്നവരും കുട്ടികളുടെ പുസ്തകങ്ങളുമൊക്കെ നിറയുന്ന ഒരിടം. പ്രശസ്തരായ എഴുത്തുകാരുമായി സംവദിക്കാനും അവരുടെ അനുഭവങ്ങൾ നേരിട്ടറിയാനും ഇവിടെ അവസരമുണ്ട്. ഇന്ത്യന്‍ എഴുത്തുകാരില്‍ സുധാ മൂര്‍ത്തിയായിരുന്നു ഇത്തവണത്തെ റീഡിങ് ഫെസ്റ്റിവലില്‍ കുട്ടികളുടെ മനസ് കീഴടക്കിയത്. കുട്ടികള്‍ക്കായി ഒട്ടേറെ പുസ്തകങ്ങൾ എഴുതിയിട്ടുള്ള അവര്‍ ഒരു കാര്യം വ്യക്തമായി പറയുന്നു. കുട്ടികൾക്കുള്ള സാഹിത്യരചന എളുപ്പമുള്ള കാര്യമല്ല. എല്ലാ കാര്യങ്ങളെയും കൗതുകത്തോടെ കാണാന്‍ കഴിയണം. ആ രചനകളില്‍ മോശമായതൊന്നും ഉണ്ടാകാന്‍ പാടില്ല. ഒരു കാര്യം ഇഷ്ടപ്പെട്ടില്ലെങ്കില്‍ കുട്ടികൾ അത് തുറന്ന് പറയും. എഴുത്തുകാരിയെന്നോ, നാരായണമൂര്‍ത്തിയുടെ പത്നിയെന്നോ ഒന്നും അവര്‍ ചിന്തിക്കില്ല.
അതേസമയം ഫോണും കംപ്യൂട്ടര്‍ ഉപയോഗവും എല്ലാം കുട്ടികളുടെ വായനാ ശീലത്തെ ബാധിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ ഉപയോഗം ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തണം. കുട്ടികളെ ദിവസവും ഒരു നിശ്ചിത സമയം വായിക്കാന്‍ പ്രേരപ്പിക്കണം. അതിന് മാതാപിതാക്കൾ പുസ്തകങ്ങൾ വായിച്ച് മാതൃക കാണിക്കണം. കുട്ടികളോട് പുസ്തകം വായിക്കാന്‍ പറഞ്ഞിട്ട് മാതാപിതാക്കൾ വാട്സ് ആപ്പില്‍ നോക്കിയിരുന്നാല്‍ കുട്ടികളില്‍ വായനാശീലമുണ്ടാകില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു. ഉഗാണ്ടയില്‍ നിന്നുള്ള കുട്ടികളുടെ ഗ്രൂപ്പായ മസാക്ക കിഡ്സ് ആഫ്രിക്കാനയുടെ കലാവിരുന്നായിരുന്നു ഇത്തവണ ഏറ്റവും അധികം പേരെ ആകര്‍ഷിച്ചത്. ഏഴു പേരടങ്ങുന്ന മസാക്ക കിഡ്സിന്റെ സ്റ്റേജ് ഷോകൾ എല്ലാം തന്നെ നിറഞ്ഞ സദസിലായിരുന്നു.
ആഫ്രിക്കയിലെ പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി വിജയിച്ച മസാക്ക കിഡ്സ് പറയുന്നത് ഒന്ന് മാത്രമാണ്. നിരാശപ്പെടാതെ പൊരുചി വിജയിക്കണം. വ്യത്യസ്തമായ ഒട്ടേറെ കലാപാരിപാടികളും ഇത്തവണയുണ്ടായി. നാടകങ്ങൾ, റോമിങ് ഷോകൾ, അക്രോബാറ്റ്, സംഗീത കച്ചേരികൾ എന്നിവയെല്ലാം വായനോല്‍സവത്തെ സജീവമാക്കി. ചില്‍ഡ്രൻസ് റീഡിങ് ഫെസ്റ്റിവലിന്റെ പതിനാലാം പതിപ്പാണ് ഇത്തവണത്തേത്. പുസ്തകോത്സവത്തിനൊപ്പം കുട്ടികൾക്കായി വ്യത്യസ്തമായ ശില്‍പശാലകളും ഒരുക്കിയിരിക്കുന്നു. ശാസ്ത്രം, റോബോട്ടിക്സ്, കരകൗശല വസ്തുക്കളുടെ നിര്‍മാണം, ചിത്രരചന തുടങ്ങി വിവിധ മേഖലകളെ അധികരിച്ച് ശില്‍പശാലകൾ ഒരുക്കിയിരിക്കുന്നു.
വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ