Latest Videos

പ്രളയം; കേരളത്തിന് നാല് കോടി രൂപ നല്‍കുമെന്ന് ഷാര്‍ജ ഭരണാധികാരി

By Web TeamFirst Published Aug 18, 2018, 1:24 PM IST
Highlights

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി  കേരളത്തിന് 4കോടി രൂപ നല്‍കും

ഷാര്‍ജ: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഷാര്‍ജ. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിന് 4കോടി രൂപ നല്‍കും. സാമ്പത്തിക ഉപദേഷ്ടാവ് സയ്യിദ് അറിയിച്ചതാണ് ഇക്കാര്യം. 

നേരത്തേപ്രളയ കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസവാക്കുകളുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രംഗത്തെത്തിയിരുന്നു. 

യുഎഇയുടെ വിജയത്തിന് കേരളജനത എക്കാലവും കൂടെയുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും അതുകൊണ്ടുതന്നെ യുഎഇക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കുറിച്ചു. ബലിപെരുന്നാളിന്റെ അനുഗ്രഹീതമായ സമയം കൂടി കണക്കിലെടുത്ത് കേരളത്തെ എല്ലാവരും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കേരളം നേരിടുന്ന അതിതീവ്രമായ പ്രളയ ദുരിതത്തില്‍ ദുഖം പങ്കുവെച്ച് യുഎഇ പ്രസിഡന്റും അബുദാബി അമീറുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സന്ദേശം അയച്ചു. അടുത്തിടെ കേരളത്തില്‍ പ്രളയവും ഉരുള്‍പൊട്ടലും ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ സൃഷ്ടിച്ച ദുഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. ദുരന്തത്തില്‍ ഇരയായവരുടെ കുടുംബത്തിനും അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്കും എത്രയും വേഗം അതില്‍ കരകയറാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഡെപ്യൂട്ടി സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരും കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന സന്ദേശം രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്.
 

click me!