ഭൂമിയോളം ക്ഷമിച്ച് എരിഞ്ഞടങ്ങേണ്ട, ജീവിതം വഴിമുട്ടുമ്പോൾ കൈപിടിക്കാൻ കൂടെയുണ്ട് 'റൈസ്'

Published : Aug 16, 2025, 05:40 PM IST
RISE

Synopsis

വിവാഹം, ജീവിതത്തിലെ അവസാന ലക്ഷ്യവും വിവാഹ ജീവിതം ജീവിതാവസാനം വരെ നിലനിര്‍ത്തേണ്ട അനിവാര്യമായ പവിത്രതയുമായി നിര്‍വചിക്കപ്പെടുമ്പോള്‍, ടോക്സിക് ബന്ധങ്ങളില്‍ നിന്ന് ഇറങ്ങി വരാന്‍ നമ്മുടെ പെൺകുട്ടികള്‍ ആരെയാണ് ആശ്രയിക്കേണ്ടതെന്ന ചോദ്യം കൂടി ഉയരുകയാണ്.  

സമൂഹം കാലങ്ങളായി കല്‍പ്പിച്ച് നല്‍കിയ ദാമ്പത്യ സമവാക്യങ്ങളില്‍, പേടിച്ചും സഹിച്ചും കരഞ്ഞും എത്രനാള്‍ നമ്മുടെ മലയാളി പെൺകുട്ടികള്‍ ഇങ്ങനെ ജീവിക്കും? വിവാഹ ജീവിതം എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന മാതാപിതാക്കളും അവരെ അതിലേക്ക് കണ്ടീഷന്‍ ചെയ്യുന്ന സമൂഹവും ഇനിയും നമ്മുടെ എത്ര പെൺകുട്ടികളെ കുരുതി കൊടുക്കും? ഭൂമിയോളവും അതിനപ്പുറവും സഹിക്കണമെന്ന് പഠിപ്പിച്ച് വളര്‍ത്തുന്ന സ്ത്രീകൾക്ക് എങ്ങനെയാണ് സെല്‍ഫ് വെര്‍ത്ത് തിരിച്ചറിയാനാകുക? 

സ്ത്രീധന പീഡനങ്ങളും ടോക്സിക്ക് ബന്ധങ്ങളും സഹിച്ച് സഹിച്ച് ഒടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുമ്പോള്‍ ഉയരേണ്ടതല്ല നമ്മുടെ ആത്മരോഷവും ബോധവത്കരണ കുറിപ്പുകളും ക്യാമ്പയിനുകളും. വിവാഹം, ജീവിതത്തിലെ അവസാന ലക്ഷ്യവും വിവാഹ ജീവിതം ജീവിതാവസാനം വരെ നിലനിര്‍ത്തേണ്ട അനിവാര്യമായ പവിത്രതയുമായി നിര്‍വചിക്കപ്പെടുമ്പോള്‍, ടോക്സിക് ബന്ധങ്ങളില്‍ നിന്ന് ഇറങ്ങി വരാന്‍ നമ്മുടെ പെൺകുട്ടികള്‍ ആരെയാണ് ആശ്രയിക്കേണ്ടതെന്ന ചോദ്യം കൂടി ഉയരുകയാണ്. വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും ലഭിച്ചാല്‍ പോലും ഡിവോഴ്സിനെ ഭയക്കുന്ന സോഷ്യൽ കണ്ടീഷനിങ്ങില്‍ നിന്നും സ്ത്രീകള്‍ മുക്തരല്ലെന്ന് പറയേണ്ടി വരും.

അടുത്തിടെ ഷാര്‍ജയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്ത രണ്ട് മലയാളി യുവതികളുടെ വാര്‍ത്ത വേദനയോടെയാണ് നാം അറിഞ്ഞത്. ഉയര്‍ന്ന വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടായിട്ടും വിപഞ്ചികയെന്ന യുവതി ആത്മഹത്യ തെരഞ്ഞെടുത്തു. ആത്മാഭിമാനം ബലികൊടുത്തും മാനസിക, ശാരീരിക പീഡനങ്ങള്‍ ഏറ്റുവാങ്ങിയും ജീവിക്കുന്ന മക്കളോട് ഞങ്ങളുണ്ട് കൂടെ, ധൈര്യമായി ഇറങ്ങി വരൂ എന്ന് എത്ര മാതാപിതാക്കള്‍ക്ക് പറയാനാകും? ജീവിതം വഴിമുട്ടിയെന്ന് തോന്നുന്ന സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് തങ്ങളെ കേള്‍ക്കാനൊരാളെയാണ് ഏറ്റവും ആദ്യം ആവശ്യമായി വരിക. ആശ്വാസത്തിന്‍റെ പ്രതീക്ഷയുടെ ഒരു വാക്ക് ചിലപ്പോള്‍ അവരെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചേക്കാം. 

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന് പിന്നാലെ പ്രവാസി ഇന്ത്യന്‍ കുടുംബങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കേള്‍ക്കാനും സഹായം ആവശ്യമുള്ളവര്‍ക്ക് വേണ്ട പിന്തുണ തക്കസമയത്ത് നല്‍കാനുമുള്ള സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ.

RISE (Reach, Inspire, Support, Empower)

ഷാര്‍ജ പൊലീസിന്‍റെ കമ്മ്യൂണിററ്റി പ്രിവന്‍റീവ് ആന്‍ഡ് പ്രൊട്ടക്ഷൻ ഡിപ്പാര്‍ട്ട്മെന്‍റുമായും ദുബൈ ഇന്ത്യന്‍ കോൺസുലേറ്റുമായും സഹകരിച്ചാണ് ഷാര്‍ജ ഇന്ത്യൻ അസോസിയേഷന്‍ പുതിയ സംരംഭത്തിന് ഓഗസ്റ്റ് ഒന്നിന് തുടക്കം കുറിച്ചത്. ‘റൈസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കുന്നുണ്ട്. റീച്ച്, ഇന്‍സ്പയര്‍, സപ്പോര്‍ട്ട്, എംപവര്‍- ഇതാണ് RISE. നിങ്ങള്‍ തനിച്ചല്ലെന്ന് ശക്തമായി പറഞ്ഞുവെക്കുക മാത്രമല്ല തങ്ങള്‍ക്ക് മുമ്പിലെത്തുന്ന ഓരോ വ്യക്തികള്‍ക്കും ആവശ്യമായ എല്ലാ പിന്തുണകളും നല്‍കി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരിക കൂടിയാണ് റൈസ് ലക്ഷ്യമാക്കുന്നത്.

(ഫോട്ടോ- ഷാര്‍ജ കമ്മ്യൂണിറ്റി പൊലീസ് ഇന്ത്യൻ അസോസിയേഷൻ ആസ്ഥാനം സന്ദര്‍ശിച്ചപ്പോൾ)

ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ

കഴിഞ്ഞ 45 വര്‍ഷമായി ഷാര്‍ജയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഇന്ത്യൻ അസോസിയേഷന്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ നിരന്തരം കൈകാര്യം ചെയ്യാറുണ്ട്. ദുബൈ ഇന്ത്യന്‍ കോൺസുലേറ്റും ഷാര്‍ജ പൊലീസും ഷാര്‍ജ മുന്‍സിപ്പാലിറ്റിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കീഴില്‍ നിരവധി സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്കൂളുകളില്‍ കൗൺസിലിങ് നല്‍കുന്ന വിദഗ്ധരായ ആളുകളും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് പരാതികള്‍ ഉന്നയിക്കുന്ന വ്യക്തികള്‍ക്ക് വേണ്ട മാനസിക പിന്തുണ നല്‍കുന്നത്. ഷാര്‍ജ ഇന്ത്യൻ അസോസിയേഷന്‍റെ ഓഫീസിലേക്ക് ഫോൺ വിളിച്ചോ ഇ മെയില്‍ വഴി ബന്ധപ്പെട്ടോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായി എല്ലാ ശനിയാഴ്ചകളിലും പ്രത്യേക സെഷനുകള്‍ സംഘടിപ്പിക്കുന്നു. 

നാട്ടില്‍ നിന്ന് വിളിച്ച് പ്രശ്നങ്ങള്‍ പറഞ്ഞ കോളുകളില്‍ വരെ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും ഈ പരാതികള്‍ കൈകാര്യം ചെയ്യാനായി അഡ്മിന്‍ വിഭാഗത്തില്‍ 40ഓളം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും പിആര്‍ഒ ഉള്‍പ്പെടെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഷാര്‍ജ ഇന്ത്യൻ അസോസിയേഷന്‍ പ്രസിഡന്‍റ് നിസാര്‍ തളങ്കര ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ഓഗസ്റ്റ് ഒന്നു മുതല്‍ ഇതുവരെ നാല്‍പ്പതോളം കേസുകള്‍ ‘റൈസി’ന്‍റെ പരിധിയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന് പിന്നാലെ പല സ്ത്രീകളും ഇത്തരത്തില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നതായി വിവിധ കൗണ്‍സിലിങ് സെഷനുകളിലൂടെയും മറ്റും മനസ്സിലായതായി അദ്ദേഹം പറഞ്ഞു. അതുല്യയുടെ മരണത്തിന് ദിവസങ്ങള്‍ക്കിപ്പുറം ഒരു മലയാളി അധ്യാപിക തനിക്ക് ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയാണെന്നും ഷാര്‍ജ പൊലീസിന് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു.

 ഷാര്‍ജ പൊലീസ് ഈ വിവരം ഇന്ത്യന്‍ അസോസിയേഷന് കൈമാറുകയും കൃത്യമായ കൗണ്‍സിലിങ് സെഷനുകളിലൂടെ അവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനും സാധിച്ചിരുന്നു. പരാതിപ്പെടുന്ന വ്യക്തിയെയും അവരുടെ ഒപ്പം താമസിക്കുന്ന ഭര്‍ത്താവ്/ഭാര്യയെയും ഇന്ത്യന്‍ അസോസിയേഷന്‍റെ ടീം ബന്ധപ്പെട്ട് തനിയെ സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി വേണ്ട നടപടികള്‍ സ്വീകരിക്കുന്നു. മാനസികാരോഗ്യ, കൗൺസിലിങ് മേഖലകളില്‍ കൃത്യമായ പരിശീലനം ലഭിച്ച, യുഎഇയില്‍ സര്‍ട്ടിഫിക്കേഷനുള്ള, മെഡിക്കല്‍ യോഗ്യതകളുള്ള വ്യക്തികളാണ് തര്‍ക്ക പരിഹാരത്തിനായി പാനലിലുള്ളതെന്ന് നിസാര്‍ തളങ്കര പറഞ്ഞു.

ഞങ്ങളുണ്ട് കൂടെ

‘ഞങ്ങള്‍ കൂടെയുണ്ടെ’ന്ന ഉറപ്പാണ് ‘റൈസ്’ സംഘത്തിന് നല്‍കാനുള്ളത്. ഓരോ പരാതികളും പരിശോധിച്ച് ഏത് വിധത്തിലുള്ള സഹായമാണ് ലഭ്യമാക്കേണ്ടതെന്നത് അനുസരിച്ചാണ് 25 പേരോളമുള്ള പാനലില്‍ നിന്ന് പിന്തുണ നല്‍കുന്നതിനായി വ്യക്തികളെ നിയോഗിക്കുന്നത്. തര്‍ക്കം രമ്യമായി പരിഹരിക്കാനാണ് ആദ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ കൗണ്‍സിലിങ്ങിന് ശേഷം ഫോളോ അപ് സെഷനുകളും നടത്താറുണ്ട്. യഥാര്‍ത്ഥത്തില്‍ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും മാതാപിതാക്കള്‍ക്കാണ് ആദ്യം കൗണ്‍സിലിങ് ആവശ്യമെന്ന് നിസാര്‍ തളങ്കര പറഞ്ഞു. വിവാഹ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ മാതാപിതാക്കള്‍ കൃത്യമായ പിന്തുണ നല്‍കേണ്ടതുണ്ടെന്നും എല്ലാം സഹിച്ചും ടോക്സിക് ബന്ധങ്ങളില്‍ തുടരാന്‍ മക്കളെ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹത്തെ പേടിച്ച് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍, മക്കളോട് എന്തും ക്ഷമിക്കാന്‍ പറയരുതെന്നും അവരെ ചേര്‍ത്ത് നിര്‍ത്തി ധൈര്യം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പരാതികളും പരിഹരിക്കാന്‍ കഴിയില്ലെങ്കിലും തങ്ങളാലാവും വിധം പിന്തുണ നല്‍കി പരാതിക്കാരുടെ ആത്മവിശ്വാസവും ധൈര്യവും വര്‍ധിപ്പിക്കാനാണ് റൈസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബ പ്രശ്നങ്ങൾ മൂലം നിരാശയിലകപ്പെട്ട, സഹായം ആവശ്യമായവര്‍ക്ക് communitysupport@iassharjah.com എന്ന ഇ മെയില്‍ വിലാസത്തിലോ 06-5610845 എന്ന നമ്പരിലോ ബന്ധപ്പെടാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ കൗൺസിലിങ് സെഷന്‍ ലഭ്യമാണ്. ക്യാമ്പയിനുകള്‍ക്കും സോഷ്യൽ മീഡിയയിലെ കുറിപ്പുകള്‍ക്കുമപ്പുറം കൃത്യമായ, തക്കസമയത്തെ ഇടപെടലാണ് അനിവാര്യമെന്ന് പറഞ്ഞുവെക്കുകയാണ് ‘റൈസ്’. 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്