സബ്‌സിഡി ഡീസൽ കടത്തിയ 18 പേർ കുവൈത്തിൽ പിടിയിൽ. കോസ്റ്റ് ഗാർഡ് വിന്യസിച്ച അത്യാധുനിക നിരീക്ഷണ ഡ്രോണുകളാണ് ഈ കള്ളക്കടത്ത് സംഘത്തെ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത 18 പേരെയും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്ര അതിർത്തിക്കുള്ളിൽ സബ്‌സിഡി ഡീസൽ നിയമവിരുദ്ധമായി കടത്തുകയും വിൽപന നടത്തുകയും ചെയ്ത വൻ സംഘത്തെ കോസ്റ്റ് ഗാർഡ് പിടികൂടി. ആഭ്യന്തര മന്ത്രാലയം നടത്തിയ നിർണ്ണായകമായ ഈ നീക്കത്തിൽ കപ്പൽ ക്യാപ്റ്റൻ ഉൾപ്പെടെ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്‍റെ വിഭവങ്ങൾ ചോർത്തുന്നത് തടയുന്നതിനായി കോസ്റ്റ് ഗാർഡ് വിന്യസിച്ച അത്യാധുനിക നിരീക്ഷണ ഡ്രോണുകളാണ് ഈ കള്ളക്കടത്ത് സംഘത്തെ കണ്ടെത്തിയത്.

പട്രോളിംഗിനിടെ ഡ്രോൺ ദൃശ്യങ്ങളിൽ സംശയാസ്പദമായ രീതിയിൽ ഒരു കപ്പൽ ശ്രദ്ധയിൽപ്പെട്ടതോടെ കോസ്റ്റ് ഗാർഡിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി കപ്പൽ വളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, കുവൈത്തിലെ കപ്പലുകൾക്ക് കുറഞ്ഞ നിരക്കിൽ നൽകുന്ന സബ്‌സിഡി ഡീസൽ നിയമവിരുദ്ധമായി മറ്റ് കപ്പലുകൾക്ക് മറിച്ചുവിൽക്കുന്നതായി കണ്ടെത്തി. പണമിടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് നടത്തിയിരുന്നത്. സബ്‌സിഡി നിയമങ്ങളുടെയും സമുദ്ര ഗതാഗത ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇവർ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത 18 പേരെയും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.