വൃത്തിഹീനമായി ഉപേക്ഷിച്ചിരുന്ന 3911 കാറുകള്‍ നീക്കം ചെയ്‍തതായി ഷാര്‍ജ മുനിസിപ്പാലിറ്റി

By Web TeamFirst Published Sep 11, 2021, 6:52 PM IST
Highlights

മണല്‍ നിറഞ്ഞ സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ക്ക് സമീപത്തുമൊക്കെ ദീര്‍ഘകാലം വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നതിനെതിരായ ബോധവത്കരണവും നിരന്തര പരിശോധനയും മുനിസിപ്പാലിറ്റി നടത്തിവരികയാണ്. 

ഷാര്‍ജ: ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ വൃത്തിഹീനമായി ഉപേക്ഷിച്ചിരുന്ന 3911 വാഹനങ്ങള്‍ നീക്കം ചെയ്‍തതായി മുനിസിപ്പാലിറ്റി അറിയിച്ചു. ഈ വര്‍ഷത്തെ ആദ്യ ആറ് മാസം കൊണ്ടാണ്ട് ഇത്രയധികം വാഹനങ്ങള്‍ നഗരത്തില്‍ നിന്ന് മാറ്റിയത്. വൃത്തിഹീനമായും ഉപേക്ഷിക്കപ്പെട്ട നിലയിലും ദീര്‍ഘകാലമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളാണ് നീക്കം ചെയ്യുന്നതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി മുനിസിപ്പല്‍ കണ്‍ട്രോള്‍ ആന്റ് ഇന്‍സ്‍പെക്ഷന്‍ വിഭാഗം തലവന്‍ മുഹമ്മദ് അല്‍ കാബി പറഞ്ഞു.

മണല്‍ നിറഞ്ഞ സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ക്ക് സമീപത്തുമൊക്കെ ദീര്‍ഘകാലം വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നതിനെതിരായ ബോധവത്കരണവും നിരന്തര പരിശോധനയും മുനിസിപ്പാലിറ്റി നടത്തിവരികയാണ്. നഗരത്തിന്റെ വൃത്തിക്കും മനോഹാരിതയ്‍ക്കും തടസമാകുന്നതുകൊണ്ടും പൊടി നിറയുന്നത് കൊണ്ടുമാണ് ഈ പ്രവണത അവസാനിപ്പിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നത്. പൊടിപിടിച്ചുകിടന്ന 3911 വാഹനങ്ങളാണ് ഇത്തരത്തില്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്‍തത്. അഴുക്കുപുരണ്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദേശവും നല്‍കി. പിടിച്ചെടുത്ത വാഹനങ്ങളില്‍ ചിലത് പാര്‍ക്കിങ് നിരോധിക്കപ്പെട്ട സ്ഥലങ്ങളിലായിരുന്നു നിര്‍ത്തിയിട്ടിരുന്നത്. ചിലതിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല.

ദീര്‍ഘകാലമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തിയാല്‍ 500 ദിര്‍ഹമാണ് പിഴ ചുമത്തുന്നത്. എന്നാല്‍ നോട്ടീസ് ലഭിച്ച് പരമാവധി മൂന്ന് ദിവസത്തിനുള്ളില്‍ വാഹനം മാറ്റിയാല്‍ പിഴ ഒഴിവാക്കാം. നോട്ടീസ് ലഭിച്ചിട്ടും വാഹനം മാറ്റിയില്ലെങ്കില്‍ അവ മുനിസിപ്പാലിറ്റി അധികൃതരെത്തി നീക്കം ചെയ്യും. വാഹനങ്ങള്‍ നിര്‍ത്തിയിട്ട ശേഷം വിദേശത്ത് പോകുന്നവര്‍ അവയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടാല്‍ പൊലീസിലും മുനിസിപ്പാലിറ്റിയിലും വാഹനവുമായി ബന്ധപ്പെട്ട എല്ലാ പിഴകളും അടച്ച ശേഷമേ സാധിക്കുകയുള്ളൂ.

click me!