ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് 'റിയൽ എസ്റ്റേറ്റ് ടോക്കണൈസേഷൻ' പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. ഇത് പ്രകാരം, കെട്ടിടങ്ങൾ മുഴുവനായി വാങ്ങുന്നതിന് പകരം അവയുടെ ഓഹരികൾ ഡിജിറ്റൽ ടോക്കണുകളായി വാങ്ങാനും വിൽക്കാനും സാധിക്കും.  

ദുബായ്: റിയൽ എസ്റ്റേറ്റ് നിക്ഷേപ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ്. കെട്ടിടങ്ങളോ വീടുകളോ മുഴുവനായി വാങ്ങുന്നതിന് പകരം, അവയുടെ ഓഹരികൾ ഡിജിറ്റൽ ടോക്കണുകളായി വാങ്ങാൻ സാധിക്കുന്ന 'റിയൽ എസ്റ്റേറ്റ് ടോക്കണൈസേഷൻ' പദ്ധതിയുടെ രണ്ടാം ഘട്ടം അധികൃതർ പ്രഖ്യാപിച്ചു. ഈ മാസം 20 മുതൽ വിദേശ നിക്ഷേപകർക്ക് റിയൽ എസ്റ്റേറ്റ് ഓഹരികൾ വാങ്ങാം. കമ്പനികളുടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനു സമാനമായിരിക്കും റിയൽ എസ്റ്റേറ്റ് ഓഹരികളുടെ വിനിമയം.

Add Asianetnews as a Preferred SourcegooglePreferred

എന്താണ് റിയൽ എസ്റ്റേറ്റ് ടോക്കണൈസേഷൻ?

ഒരു വലിയ കെട്ടിടത്തെയോ അപ്പാർട്ട്മെന്റിനെയോ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് അനേകം ചെറിയ ഓഹരികളായി തിരിക്കുന്ന രീതിയാണിത്. ഒരു ഫ്ലാറ്റ് മുഴുവനായി വാങ്ങാൻ ലക്ഷങ്ങൾ ആവശ്യമാണെങ്കിൽ, ടോക്കൺ രീതിയിലൂടെ അതിന്റെ ഒരു ചെറിയ ഭാഗം (ഉദാഹരണത്തിന് 2,000 ദിർഹം മുതൽ) നിക്ഷേപിച്ച് നിങ്ങൾക്ക് സ്വന്തമാക്കാം. ഈ ഓഹരികളെ 'ടോക്കണുകൾ' എന്ന് വിളിക്കുന്നു. ഓരോ ടോക്കണും ആ വസ്തുവിന്റെ ഉടമസ്ഥാവകാശത്തിന്റെ ഭാഗമാണ്.

വലിയ തുക കൈവശമില്ലാത്ത സാധാരണക്കാർക്കും പ്രവാസികൾക്കും ഇനി ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിക്ഷേപകരാകാം. ഇതുവരെ ഇത്തരം ടോക്കണുകൾ വാങ്ങി കൈവശം വെക്കാനേ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഫെബ്രുവരി 20 മുതൽ ഇവ സെക്കൻഡറി മാർക്കറ്റിൽ വിൽക്കാൻ സാധിക്കും. അതായത്, പണം അത്യാവശ്യമായി വരുമ്പോൾ നിങ്ങളുടെ കൈവശമുള്ള ഓഹരികൾ മറ്റൊരാൾക്ക് വിൽക്കാം.

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെയും വിർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും കർശന മേൽനോട്ടത്തിലുള്ളതിനാൽ ഇത് പൂർണ്ണമായും സുരക്ഷിതമാണ്. നിങ്ങളുടെ ഉടമസ്ഥാവകാശം ഔദ്യോഗിക ടൈറ്റിൽ ഡീഡുകളുമായി ഡിജിറ്റലായി ബന്ധിപ്പിച്ചിരിക്കും. ഏകദേശം 78 ലക്ഷം റിയൽ എസ്റ്റേറ്റ് ടോക്കണുകൾ ഈ ഘട്ടത്തിൽ വ്യാപാരത്തിനായി ലഭ്യമാകും. നിലവിൽ എമിറേറ്റ്‌സ് ഐഡിയുള്ള 18 വയസ്സിന് മുകളിലുള്ളവർക്കാണ് നിക്ഷേപത്തിൽ മുൻഗണന. സാധാരണക്കാർക്കും റിയൽ എസ്റ്റേറ്റ് വിപണിയുടെ ഭാഗമാകാൻ അവസരം നൽകുക, വിപണിയിൽ കൂടുതൽ പണമൊഴുക്ക് ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.