
ഷാര്‍ജ: തിരക്കേറിയ റോഡുകളില്‍ പൊലീസ് കൈ കാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ പിഴ നല്‍കേണ്ടി വരുമോയെന്ന് സംശയിക്കുന്നവരാണ് ഭൂരിഭാഗം യാത്രക്കാരും. എന്നാല്‍ വാഹനം നിര്‍ത്തിയ യാത്രക്കാരന് ഷാര്‍ജ പൊലീസ് നല്‍കിയത് അപ്രതീക്ഷിത സമ്മാനമാണ്, ഒപ്പം ആശംസയും.
പതിവുപോലെ ഷാര്‍ജയില്‍ നിന്ന് ദുബൈയിലെ ജോലി സ്ഥലത്തേക്ക് വാഹനമോടിച്ച് പോകുകയായിരുന്നു അറബ് സ്വദേശിയായ മുഹമ്മദ് മുല്‍ഹറം. ഷാര്‍ജയിലെ തിരക്കുള്ള അല്‍താവൂന്‍ റോഡില്‍ വെച്ച് വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. മാസ്‌ക് ധരിച്ചാണ് വാഹനം ഓടിച്ചിരുന്നത്. അമിത വേഗതയില്ലായിരുന്നു. ലൈന്‍ മാറുമ്പോള്‍ സിഗ്നല്‍ കൃത്യമായി പ്രവര്‍ത്തിപ്പിച്ചതുമാണ്. പിന്നെയും എന്തിനാണ് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് മുഹമ്മദ് ചിന്തിച്ചു.
എന്നാല്‍ മുഹമ്മദിനെ വിസ്മയിപ്പിച്ച് കൊണ്ട് വാഹനത്തിന് അടുത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ സലാം പറയുകയും സുപ്രഭാതം നേരുകയും ചെയ്തു. മാത്രമല്ല മനോഹരമായ ഒരു പൂച്ചെണ്ട് സമ്മാനിക്കുകയും ചെയ്തു. നിയമങ്ങള്‍ പാലിച്ചുകൊണ്ട് വാഹനമോടിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് സന്തോഷം പകരുക എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് മുഹമ്മദിന് പൂച്ചെണ്ട് ലഭിച്ചത്. ഷാര്‍ജ പൊലീസ് മേധാവി മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സഅരി അല്‍ ഷംസിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. ഇത്തരത്തില്‍ നിയമം അനുസരിച്ച് വാഹനമോടിച്ച മുപ്പതോളം യാത്രക്കാരെയാണ് പൊലീസ് ആദരിച്ചത്. 15 വര്‍ഷമായി വാഹനമോടിക്കുന്ന മുഹമ്മദിന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam