
ഷാർജ: യുഎഇയിൽ യാചന വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് ഷാർജ പോലീസ്. ഭിക്ഷാടനം ഒരു ജോലിയായി മാറിയിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് പോലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അധികൃതർ ഏർപ്പെടുത്തിയ ഒരാൾ ഒരു യാചകന്റെ രൂപത്തിൽ ഭിക്ഷയെടുത്ത് ഒരു ദിവസം സമ്പാദിക്കുന്ന തുക കണ്ടെത്താനായാണ് ഇത്തരമൊരു പരീക്ഷണം ഷാർജ പോലീസ് നടത്തിയത്. പങ്കുവെച്ച വീഡിയോയിൽ കാണിച്ചിരിക്കുന്ന ആൾ ഒരു മണിക്കൂറിൽ ഭിക്ഷ നേടി സമ്പാദിച്ചത് 367 ദിർഹം ആണെന്ന് പോലീസ് പറയുന്നു.
റമദാൻ കാലമായതോടെ നിരവധി ഭിക്ഷാടകരാണ് ആൾക്കാരുടെ സഹാനുഭൂതി കൈമുതലാക്കി പണം സമ്പാദിക്കുന്നത്. ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ സംഭാവനകൾ നൽകാവൂ എന്ന് ഇതിലൂടെ പൗരന്മാരോടും താമസക്കാരോടും ഷാർജ പോലീസ് ആവശ്യപ്പെട്ടു. ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ 80040 എന്ന നമ്പറിലോ 901 എന്ന നമ്പറിലോ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും പറഞ്ഞു. റമദാന്റെ ആദ്യ 10 ദിനങ്ങളിൽ 33 ഭിക്ഷാടകരെയാണ് അറസ്റ്റ് ചെയ്തതെന്നും ഷാർജ പോലീസ് അറിയിച്ചു. പിടികൂടിയിട്ടുള്ളവർ വിവിധ രാജ്യക്കാരാണ്. ഷാർജ പോലീസിന്റെ യാചനാവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭിക്ഷാടന മുക്തമായ സമൂഹം എന്നതാണ് യാചനാ വിരുദ്ധ ക്യാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്.
read more: റേഷൻ ഭക്ഷ്യവസ്തുക്കൾ നിയമവിരുദ്ധമായി വിറ്റ പ്രവാസി അറസ്റ്റിൽ
യുഎഇയിൽ ഭിക്ഷാടനം ശിക്ഷാർഹമായ കുറ്റമാണ്. മൂന്നുമാസം വരെ തടവും 5000 ദിർഹം പിഴയും ലഭിക്കും. രാജ്യത്ത് ഭിക്ഷാടനം നടത്തുന്നതിനായി വിദേശരാജ്യങ്ങളിൽ നിന്നും ആൾക്കാരെ എത്തിക്കുന്നവർക്ക് ആറുമാസം വരെ തടവും 1,00,000 ദിർഹം വരെ പിഴയും ലഭിച്ചേക്കാം. രാജ്യത്ത് അനധികൃതമായി പണപ്പിരിവ് നടത്തുന്നവർക്ക് അഞ്ച് ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുന്നത്. യാചനാവിരുദ്ധ കാമ്പയിൻ വിജയകരമായി മുന്നോട്ട് പോകുകയാണ്. കാമ്പയിൻ ചെറിയ പെരുന്നാൾ ദിവസം വരെയും തുടരും. ഭിക്ഷാടനം പോലുള്ള അനധികൃത പ്രവൃത്തികൾ തടയാനായി പള്ളികളുടെയും മറ്റും ഭാഗങ്ങളിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പിടികൂടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ