ഷാര്‍ജയിലെ സ്‍കൂളുകളില്‍ ദിവസം ഒരു പരീക്ഷ മാത്രമേ നടത്താവൂ എന്ന് ഭരണാധികാരിയുടെ നിര്‍ദേശം

By Web TeamFirst Published Mar 13, 2021, 3:09 PM IST
Highlights

ഒരു ദിവസം രണ്ട് പരീക്ഷയുള്ളതിനാല്‍ മകന്‍ കഷ്ടപ്പെടുന്നത് കണ്ട അമ്മയാണ് പരാതി ഉന്നയിച്ചത്. ഇത്തരത്തില്‍ പരീക്ഷ നടത്തുന്നത് ശരിയല്ലെന്നും ഭരണാധികാരി സ്വകാര്യ സ്‍കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്നുമായിരുന്നു അമ്മയുടെ ആവശ്യം. 

ഷാര്‍ജ: പ്രതിദിനം ഒന്നിലധികം പരീക്ഷകള്‍ നടത്താന്‍ ഷാര്‍ജയിലെ ഒരു സ്‍കൂളുകളെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി അധികൃതര്‍. ഒരു കുട്ടിയുടെ രക്ഷിതാവില്‍ നിന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയത്.

ഒരു ദിവസം രണ്ട് പരീക്ഷയുള്ളതിനാല്‍ മകന്‍ കഷ്ടപ്പെടുന്നത് കണ്ട അമ്മയാണ് പരാതി ഉന്നയിച്ചത്. ഇത്തരത്തില്‍ പരീക്ഷ നടത്തുന്നത് ശരിയല്ലെന്നും ഭരണാധികാരി സ്വകാര്യ സ്‍കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്നുമായിരുന്നു അമ്മയുടെ ആവശ്യം. ഷാര്‍ജ റേഡിയോ പ്രോഗ്രാമിലൂടെയാണ് ഇവര്‍ പരാതി ഉന്നയിച്ചത്. കുട്ടികള്‍ക്ക് രണ്ട് പരീക്ഷകള്‍ക്കും വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ കഴിയില്ല. ഇത് അവരുടെ പ്രകടനത്തെ ബാധിക്കും. ചിലപ്പോള്‍ പരീക്ഷകളില്‍ തോല്‍ക്കാനും സാധ്യതയുണ്ടെന്ന് അമ്മ പറഞ്ഞു.

പരാതി ശ്രദ്ധയില്‍പെട്ട ഉടന്‍ ഇക്കാര്യം പരിശോധിക്കാന്‍ ഷാര്‍ജ ഭരണാധികാരി, ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റിയോട് നിര്‍ദേശിക്കുകയായിരുന്നു.  അതോരിറ്റിയുടെ ഉദ്യോഗസ്ഥ സംഘം ഉടന്‍ തന്നെ സ്‍കൂളുമായി ബന്ധപ്പെട്ടെന്നും കുട്ടികളുടെ പക്ഷത്ത് നിന്ന് പരിഹാരമുണ്ടാക്കിയതായും ഡയറക്ടര്‍ അലി അല്‍ഹുസ്‍നി പറഞ്ഞു. ഒരു സ്‍കൂളിനും ഒന്നിലധികം പരീക്ഷകള്‍ നടത്താന്‍ അവകാശമില്ലെന്ന് ധരിപ്പിച്ച അതോരിറ്റി, കുട്ടിയുടെ മാതാവിനെ ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ച കാര്യവും അറിയിച്ചു.

click me!