
ഷാർജ: ഷാർജയിൽ നിന്നും ദുബായിലേക്ക് ദിവസേന യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമേകുന്ന വൻകിട ഗതാഗത വികസന പദ്ധതി വരുന്നൂ. രണ്ട് എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ അൽ താവുൻ റോഡിനടിയിലൂടെ അത്യാധുനിക രീതിയിലുള്ള ഇരട്ട ഭൂഗർഭ തുരങ്കം നിർമ്മിക്കാനാണ് പദ്ധതി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 'ഡയറക്ട് ലൈൻ' റേഡിയോ പരിപാടിയിലൂടെയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ഷാർജ അൽ തആവുൻ സ്ട്രീറ്റ് മുതൽ ദുബായിലെ അൽ നഹ്ദ മൺപാലം വരെയുള്ള ഭാഗത്തെ കടുത്ത ഗതാഗതക്കുരുക്ക് ഇല്ലാതാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏകദേശം 75 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന സമഗ്രമായ അടിസ്ഥാന സൗകര്യ വികസന പാക്കേജിന്റെ ഭാഗമായാണ് ഈ തുരങ്കം നിർമ്മിക്കുന്നത്.
തുരങ്ക നിർമ്മാണത്തിന് മുന്നോടിയായി എഞ്ചിനീയർമാരും ഡിസൈനർമാരും നടത്തിയ വിശദമായ സാങ്കേതിക പഠനത്തിൽ, പ്രശസ്തമായ അൽ തആവുൻ റൗണ്ട് എബൗട്ടിന് നടുവിലുള്ള ലാൻഡ്‌മാർക്ക് സ്മാരകത്തിന്‍റെ അടിത്തറ ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങിയ നിലയിലാണെന്ന് കണ്ടെത്തി. ഇത് തുരങ്കത്തിന്‍റെ നിർമ്മാണത്തെ ബാധിക്കുമെന്നതിനാൽ നിലവിൽ ഈ സ്മാരകം താൽക്കാലികമായി നീക്കം ചെയ്തിരിക്കുകയാണ്.
'അൽ താവുൻ റൗണ്ട് എബൗട്ടുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല ഓർമ്മകൾ നമുക്കുണ്ട്. എങ്കിലും നാടിന്‍റെ വികസനത്തിനും സുഗമമായ ഗതാഗത സൗകര്യത്തിനും ഈ പദ്ധതി അത്യന്താപേക്ഷിതമാണ്'- ശൈഖ് സുൽത്താൻ പറഞ്ഞു. തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ സ്മാരകം കൂടുതൽ മനോഹരമായ രീതിയിൽ റീഡിസൈൻ ചെയ്ത് ഇതേ സ്ഥലത്ത് തന്നെ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഭൂഗർഭ തുരങ്കത്തിൽ വരുന്നവർക്കും പോകുന്നവർക്കുമായി പ്രത്യേക വരികളുണ്ടാകും. ഇത് സിഗ്നലുകളോ മറ്റ് തടസ്സങ്ങളോ ഇല്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാൻ വഴിയൊരുക്കും. ഷാർജയിലെ പ്രധാന കേന്ദ്രങ്ങളായ എക്സ്പോ സെന്‍റർ ഷാർജ ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് ട്രാഫിക് ബ്ലോക്കിൽ പെടാതെ സന്ദർശകർക്ക് ഇനി വേഗത്തിൽ എത്തിച്ചേരാനാകും. ഈ പദ്ധതി പൂർത്തിയാകുന്നതോടെ യുഎഇയിലെ തന്നെ ഏറ്റവും തിരക്കേറിയ ഈ കോറിഡോറിലെ ഗതാഗതക്കുരുക്ക് വലിയ തോതിൽ കുറയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam