കുവൈത്തിൽ പ്രവാസികളെ വഴിയിൽ തടഞ്ഞുനിർത്തി തട്ടിപ്പ്. പ്രവാസികളെ കൊള്ളയടിച്ച ബിദൂൻ വിഭാഗത്തിൽപ്പെട്ടയാളെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് വാങ്ങാനായി പണം കണ്ടെത്താനാണ് ഏഷ്യൻ തൊഴിലാളികളെ ലക്ഷ്യമിട്ട് ഇയാൾ കവർച്ച നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇതോടെ ഫർവാനിയ ഗവർണറേറ്റിലെ 10 കവർച്ചാ കേസുകൾക്ക് തുമ്പായി.

കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജേന പ്രവാസികളെ ഭീഷണിപ്പെടുത്തിയും തടഞ്ഞുവെച്ചും പണം കവർന്ന സംഭവങ്ങളിൽ പ്രതിയെ കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് ഡിറ്റക്ടീവുകൾ അറസ്റ്റ് ചെയ്തു. കുവൈത്തിൽ താമസിക്കുന്ന ബിദൂൻ വിഭാഗത്തിൽപ്പെട്ടയാളാണ് അൽ-റായ് മേഖലയിൽ വെച്ച് പിടിയിലായത്. ഇയാൾ നടത്തിയ 10 കവർച്ചാ കേസുകൾ ഇതോടെ തെളിഞ്ഞു.

കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ച മോഷണം പോയ വാഹനവും പൊലീസ് പ്രതിയിൽ നിന്ന് കണ്ടെടുത്തു. പ്രതിയെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മോഷണം, പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തൽ, ലഹരിമരുന്ന് ഉപയോഗം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തന്റെ ലഹരിമരുന്ന് ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നതിനാണ് പ്രവാസികളെ, പ്രത്യേകിച്ച് ഏഷ്യൻ വംശജരായ തൊഴിലാളികളെ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പരമ്പരാഗത കുവൈത്തി വസ്ത്രം ധരിച്ചെത്തുന്ന ഇയാൾ, വഴിയിൽ വെച്ച് പ്രവാസികളെ തടഞ്ഞുനിർത്തി താൻ പൊലീസാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു രീതി. പരിശോധനയ്ക്കെന്ന വ്യാജേന പ്രവാസികളുടെ പഴ്സുകളും പണവും വാങ്ങി സൂക്ഷിക്കുകയും, വസ്തുവകകൾ തിരികെ വാങ്ങാൻ സമീപത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്താൻ നിർദ്ദേശിച്ച് കടന്നുകളയുകയുമായിരുന്നു ഇയാളുടെ രീതി.

ഫർവാനിയ ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരം നിരവധി പരാതികൾ ഉയർന്നതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ജലീബ് അൽ ഷുയൂഖ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകൾക്ക് പുറമെ, ഖൈത്താൻ, ഫർവാനിയ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഏഴ് സമാന കേസുകളിലും ഇയാൾ തന്നെയാണ് പ്രതിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.