ഷാര്‍ജ പൂര്‍ണമായും കാമറയുടെ നിയന്ത്രണത്തിലാക്കുന്നു

By Web TeamFirst Published Aug 12, 2019, 12:26 AM IST
Highlights

ആംബുലന്‍സിന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന വാഹനത്തിന് പിഴ 3000 ദിര്‍ഹവും 6 ബ്ലാക്ക് പോയിന്റുമായി ഉയര്‍ത്തിയിട്ടുണ്ട്

ഷാർജ: കുറ്റകൃത്യങ്ങൾ കുറക്കാൻ ലക്ഷ്യമിട്ട് ഷാജ മുഴുവൻ ക്യാമറ നിരീക്ഷണത്തിലാക്കുന്നു. ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് പദ്ധതി നടപ്പാക്കുന്നത്.

എമിറേറ്റ് മുഴുവന്‍ കാമറകള്‍ സ്ഥാപിച്ച് പഴുതുകളില്ലാത്ത സുരക്ഷയാണ് ഷാര്‍ജ പോലീസ് ലക്ഷ്യം വെയ്ക്കുന്നത്. അല്‍ നഹ്ദ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പോലീസ് സ്‌റ്റേഷന്‍റെ പ്രവര്‍ത്തനം മറ്റു പ്രദേശങ്ങളിലും വ്യാപിപ്പിക്കും. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, കവര്‍ച്ച, വാഹന മോഷണം തുടങ്ങിയ പ്രധാന കുറ്റകൃത്യങ്ങള്‍ കാര്യമായി കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് പോലീസ് ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബയാത് പ്രതീക്ഷ പ്രകടിപ്പിച്ചു.

ആംബുലന്‍സിന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന വാഹനത്തിന് പിഴ 3000 ദിര്‍ഹവും 6 ബ്ലാക്ക് പോയിന്റുമായി ഉയര്‍ത്തിയിട്ടുണ്ട്. രാജ്യാന്തര ക്രിമിനല്‍ സംഘം ബാങ്കുകളില്‍ നിന്നും ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് നടത്താന്‍ ശ്രമം നടത്തുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ തങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ പങ്ക് വെക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. പെരുന്നാള്‍ പ്രമാണിച്ച് പ്രത്യക്ഷപ്പെടുന്ന യാചകരേയും വഴി വാണിഭക്കാരേയും പ്രോത്സാഹിപ്പിക്കരുത്. അനധികൃതമായി വില്‍ക്കുന്ന ഇന്റര്‍നാഷണല്‍ സിംകാര്‍ഡുകള്‍ വാങ്ങാതെ ഔദ്യോഗിക സ്ഥാപനങ്ങളില്‍ പോയി വാങ്ങണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. ആളപായമുള്ള അപകടങ്ങള്‍, കവര്‍ച്ച തുടങ്ങിയ തുടങ്ങിയ അടിയന്തിര സ്വഭാവമുള്ള കേസുകള്‍ക്കായി മാത്രം 999 ഉപയോഗിക്കണമെന്നും അല്ലാത്ത ആവശ്യങ്ങള്‍ക്കായി 901 ലാണ് ബന്ധപ്പെടേണ്ടതെന്നും ഷാര്‍ജാ പോലീസ് അറിയിച്ചു.

click me!