
ദുബായ്: ഏഴു വയസുകാരന്‍ അബ്‍ദുല്ലയുടെ ആഗ്രഹം സഫലമാക്കാന്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമെത്തി. ദുബായില്‍ ക്യാന്‍സര്‍ രോഗത്തിന്റെ മൂന്നാം ഘട്ടം അതിജീവിക്കാനുള്ള ചികിത്സകളിലൂടെ കടന്നുപോകുന്ന അബ്ദുല്ല തനിക്ക് ശൈഖ് ഹംദാനെ കാണണമെന്ന ആഗ്രഹം ഒരു ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്.
ഹൈദരാബാദ് സ്വദേശിയായ അബ്‍ദുല്ല, ശൈഖ് ഹംദാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ കണ്ടാണ് അദ്ദേഹത്തിന്റെ ആരാധകനായത്. അദ്ദേഹത്തെ ലാളിത്യമാര്‍ന്ന പെരുമാറ്റവും സാഹസികത നിറഞ്ഞ പ്രവൃത്തികളുമാണ് തന്നെ പ്രചോദിപ്പിക്കുന്നതെന്ന് അബ്‍ദുല്ല പറഞ്ഞു. ജനങ്ങളെ സഹായിക്കുകയും എല്ലാ രംഗത്തും ഒന്നാം സ്ഥാനം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന അതുല്യ പ്രതിഭയാണ് അദ്ദേഹം. എന്നിങ്ങനെ ശൈഖ് ഹംദാനെപറ്റി പറഞ്ഞുതുടങ്ങിയാല്‍ അബ്‍ദുല്ലയ്ക്ക് നൂറ് നാവാണ്.
പിന്നെപ്പിന്നെ ശൈഖ് ഹംദാനെ നേരിട്ട് കാണമെന്ന ആഗ്രഹം അടക്കാനാവാതായി. യുഎഇ മാധ്യമങ്ങളില്‍ അബ്‍ദുല്ലയുടെ ആഗ്രഹം വാര്‍ത്തയായതോടെയാണ് ശൈഖ് ഹംദാന്‍ തന്റെ കുഞ്ഞ് ആരാധകനെ തേടിയെത്തിയത്. പരമ്പരാഗത അറബ് വേഷം ധരിച്ച അബ്‍ദുല്ലയെ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്ന ചിത്രം ശൈഖ് ഹംദാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ധീരനായ ഈ ബാലനെ ഇന്ന് സന്ദര്‍ശിക്കാന്‍ സാധിച്ചതായും ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു. ജീവനുതന്നെ ഭീഷണിയാവുന്ന രോഗവുമായി പടപൊരുതുന്ന ഇന്ത്യന്‍ ബാലന്റെ ആഗ്രഹം സഫലമാക്കാനെത്തിയ ശൈഖ് ഹംദാന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും ജനങ്ങളും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്ന നല്ലൊരു ഫോട്ടോ ഗ്രാഫര്‍ കൂടിയായ ശൈഖ് ഹംദാന്‍ സോഷ്യല്‍ മീഡിയയിലും താരമാണ്. തന്റെ യാത്രകളുടെ അടക്കമുള്ള ചിത്രങ്ങളും വീഡിയോകളും അദ്ദേഹം സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. 96 ലക്ഷത്തിലധികം ഫോളോവര്‍മാരാണ് ഇന്‍സ്റ്റഗ്രാമില്‍ ശൈഖ് ഹംദാനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ