
ദുബായ്: സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി ഈ ആഴ്ച ആഗോളതലത്തിൽ തന്നെ വൈറലായി. തന്റെ പുതിയ നായക്കുട്ടിക്ക് അനുയോജ്യമായ ഒരു പേര് നിർദ്ദേശിക്കാൻ ശൈഖ് ഹംദാൻ ഫോളോവേഴ്സിനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള സ്റ്റോറിയാണിത്. തന്റെ 1.74 കോടി ഫോളോവേഴ്‌സാണ് ഇൻസ്റ്റാഗ്രാമിൽ ശൈഖ് ഹംദാനുള്ളത്.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മനോഹരമായ ഒരു വെളുത്ത നായക്കുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് "ഇവന് നമ്മൾ എന്ത് പേരിടണം?" എന്ന ലളിതമായ ചോദ്യമാണ് ശൈഖ് ഹംദാൻ ചോദിച്ചത്. നിമിഷങ്ങൾക്കകം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പതിനായിരക്കണക്കിന് നിർദ്ദേശങ്ങളാണ് ഒഴുകിയെത്തിയത്. ആരാധകർ അയച്ച നിരവധി പേരുകളിൽ നിന്ന് ഒടുവിൽ 'പ്ലൂട്ടോ'എന്ന പേര് ശൈഖ് ഹംദാൻ തിരഞ്ഞെടുത്തു. ഈ തീരുമാനം പുറത്തു വന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വൻ ആഘോഷമാണ് നടന്നത്. തന്റെ വ്യക്തിപരമായ തീരുമാനങ്ങളിൽ പോലും പൊതുജനങ്ങളെ പങ്കാളികളാക്കുന്ന കിരീടാവകാശിയുടെ രീതിയെ ആരാധകർ പ്രശംസിച്ചു.
ബോബി, സ്യൂസ്, ലിയോ തുടങ്ങിയ സാധാരണ പേരുകൾ മുതൽ സാക്കുറ, ആൽബി, സുകോ തുടങ്ങിയ വ്യത്യസ്തമായ പേരുകൾ വരെ ആരാധകർ നിർദ്ദേശിച്ചിരുന്നു. നായക്കുട്ടിയുടെ വെളുത്ത നിറം കണക്കിലെടുത്ത് സ്നോ, കാസ്‌പർ, പേൾ എന്നീ പേരുകളും പലരും അയച്ചു. വിവിധ ഭാഷകളിൽ നിന്നുള്ള പേരുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. ശൈഖ് ഹംദാൻ തന്റെ മൃഗസ്‌നേഹത്തിന്‍റെ പേരില്‍ നേരത്തെയും പ്രശസ്തനാണ്. 2022-ൽ എയർ ഗൺ വെടിയേറ്റ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒരു തെരുവുനായയെ അദ്ദേഹം ദത്തെടുക്കുകയും 'ഗ്രേസ്' എന്ന് പേരിട്ട് പരിചരിക്കുകയും ചെയ്തിരുന്നു. വളർത്തുമൃഗങ്ങളോടൊപ്പമുള്ള തന്റെ വിശേഷങ്ങൾ അദ്ദേഹം നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam