
തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ ഭര്‍തൃപീഢനമേല്‍ക്കേണ്ടിവന്ന നിരവധി മലയാളി യുവതികള്‍ ഗള്‍ഫ് നാടുകളിലുമുണ്ട്. കൈക്കുഞ്ഞുമായി കഴിയവെ ഷാര്‍ജയിലെ ഒറ്റമുറിയില്‍ ഭര്‍ത്താവ് മാസങ്ങളോളം പൂട്ടിയിട്ട അനുഭവം പങ്കുവെയ്ക്കുകയാണ് ആറ്റിങ്ങല്‍ സ്വദേശിനി ഷെറിന്‍. ഭര്‍ത്താവിനെതിരായ കേസില്‍ ദുബൈ കോടതിയില്‍ നിന്ന് മാസങ്ങള്‍ക്കകം അനുകൂല വിധി സമ്പാദിച്ചെങ്കിലും നീതികിട്ടാന്‍ വര്‍ഷങ്ങളായി നാട്ടിലെ കോടതികള്‍ കയറിയിറങ്ങുകയാണ് ഈ മുപ്പത്തിയൊന്നുകാരി.
2012ലാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ഷെറിൻ ജഹാംഗീറും പട്ടം സ്വദേശിയും, ദുബായിൽ മെക്കാനിക്കൽ എൻജിനീയറുമായ യുവാവും തമ്മില്‍ വിവാഹിതരായത്. വിലപിടിപ്പുള്ള കാർ, ഒരു കിലോ ഗ്രാം സ്വർണം, പണം, വീടും സ്ഥലവും തുടങ്ങിയവ സ്ത്രീധനമെന്ന പേരിൽ ഭര്‍ത്താവും വീട്ടുകാരും കൈപ്പറ്റി. പിന്നീട് ഭർത്താവിനോടൊപ്പം ദുബായിലേയ്ക്കു വന്നതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം തുടങ്ങിയത്. ദന്തഡോക്ടറായ അനുജത്തിയുടെ വിവാഹത്തിന് കൂടുതൽ സ്ത്രീധനം നൽകിയെന്നും തനിക്കു തന്നത് മുക്കുപണ്ടമാണെന്നും പറഞ്ഞായിരുന്നു പീഡനം.
ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കി വീട്ടുകാരുമായി അകറ്റി. ഭര്‍ത്താവ് ജോലിക്കുപോകുന്ന നേരത്ത് രക്ഷപ്പെടാതിരിക്കാന്‍ കൈക്കുഞ്ഞുമായി കഴിയുന്ന നാളില്‍ ഷാര്‍ജയിലെ ഒറ്റമുറിയില്‍ മാസങ്ങളോളം പൂട്ടിയിട്ടു. വൈകാതെ ഷെറിന്‍റേയും മകന്റെയും വീസ റദ്ദാക്കി നാട്ടിലേക്കു തിരിച്ചയച്ചു. പിന്നാലെ ഭര്‍ത്താവും തിരുവനന്തപിരതെത്തി. ഭർത്താവ് വേറെ വിവാഹം കഴിച്ചതറിഞ്ഞ് വീട്ടിൽ പോയെങ്കിലും ആട്ടിയോടിച്ചു. പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യയ്ക്കൊരുങ്ങാതെ സിവില്‍ എഞ്ചിനിയറായ ഷെറിന്‍ ജോലിതരപ്പെടുത്തി മകനുമായി ഗള്‍ഫിലേക്ക് മടങ്ങി. ദുബായിലെ കോടതിയില്‍ ഭര്‍ത്താവിനെതിരെ കേസുകൊടുത്ത് അനുകൂലവിധിയും സമ്പാദിച്ചു.
വിവാഹ മോചനത്തിന് ആറ്റിങ്ങൽ കുടുംബ കോടതിയിൽ സമർപ്പിച്ച അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. കേസു നടത്തിപ്പിനായി അബുദാബിയിലെ ജോലി ഉപേക്ഷിച്ച് ഷെറിന്‍റെ മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും സ്വാധീനം ഉപയോഗിച്ച് ഭര്‍ത്താവിന്‍റെ കുടുംബം കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നതായി അവര്‍ പറയുന്നു. നീതിക്കായുള്ള പോരാട്ടത്തിലാണ് ഈ മുപ്പത്തിയൊന്നുകാരി. വിവാഹമോചനം അനുവദിക്കണമെന്നും സ്ത്രീധനമായി നൽകിയതെല്ലാം തിരിച്ചുകിട്ടണമെന്നുമാണ് ഇപ്പോൾ ദുബായിൽ മകനോടൊപ്പം താമസിച്ച് ജോലി ചെയ്യുന്ന ഷെറിന്റെ ആവശ്യം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam