
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ് പുറത്ത്. മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ട കുവൈത്ത് പൗരനിൽ നിന്ന് ശേഖരിച്ച ഡിഎൻഎ സാമ്പിൾ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ, ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള പൗരത്വ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
കുറച്ച് ആഴ്ചകൾക്ക് മുമ്പ് മരണമടഞ്ഞ പൗരനിൽ നിന്ന് കഴിഞ്ഞ ജനുവരിയിൽ ഫോറൻസിക് ഡിപ്പാർട്ട്‌മെന്റ് ശേഖരിച്ച് സൂക്ഷിച്ച ജനിതക സാമ്പിളാണ് കേസിൽ നിർണ്ണായക തെളിവായത്. അയാളുടെ കുടുംബ ഫയലുകൾ പരിശോധിച്ച അന്വേഷണ സംഘം, മക്കളായി രജിസ്റ്റർ ചെയ്തിരുന്ന അഞ്ചുപേർ ഇയാളുടെ യഥാർത്ഥ മക്കളല്ലെന്ന് കണ്ടെത്തി. ഇയാളുടെ സിറിയൻ സ്വദേശികളായ സഹോദരന്മാരുടെ മക്കളെയാണ് സ്വന്തം മക്കളെന്ന പേരിൽ വ്യാജമായി കുവൈത്ത് പൗരത്വ രേഖകളിൽ ഉൾപ്പെടുത്തിയത്.
ഇതിൽ ഒരാൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കുകയും, ഉയർന്ന തസ്തികകളിൽ ജോലി ചെയ്ത് ഒടുവിൽ മേഖല കമാൻഡർ പദവി വരെ എത്തിയ ഉന്നത സൈനിക ഉദ്യോഗസ്ഥനാണെന്നും കുവൈത്ത് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. 1965-ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. കുവൈത്ത് പൗരത്വം ലഭിച്ച ഇയാൾ സ്വന്തം മക്കൾക്ക് പുറമെ സിറിയക്കാരായ അഞ്ച് സഹോദര പുത്രന്മാരെക്കൂടി സ്വന്തം മക്കളായി രേഖകളിൽ ചേർക്കുകയായിരുന്നു. ദശാബ്ദങ്ങളോളം ആരും അറിയാതിരുന്ന ഈ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നത്.
ഈ കേസിൽ ഉന്നത ഉദ്യോഗസ്ഥന്റെ കുടുംബബന്ധങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടത്. ഇയാളുടെ യഥാർത്ഥ മാതാവും സഹോദരങ്ങളും സിറിയൻ പൗരത്വത്തോടെ കുവൈത്തിൽ ജീവിച്ചു വരികയായിരുന്നു. ജൈവ സഹോദരന്മാരിൽ ഒരാൾ ബിദൂൻ വിഭാഗത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാതാവും സഹോദരിമാരും കുടുംബത്തിന്റെ യഥാർത്ഥ കുടുംബപ്പേര് ഉപയോഗിക്കുമ്പോൾ, ഈ പൊലീസുകാരൻ വ്യാജമായി രജിസ്റ്റർ ചെയ്ത മറ്റൊരു പേരിലാണ് കുവൈത്തിൽ അറിയപ്പെട്ടിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam