സൗദിയിൽ മെയ് 13 വരെ ഷോപ്പിംഗ് മാളുകൾ തുറക്കും; കർശന നിയന്ത്രണങ്ങള്‍

By Web TeamFirst Published Apr 30, 2020, 12:36 AM IST
Highlights

രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ഇളവ്. മക്കയിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണമായും അടച്ച സ്ഥലങ്ങളിലും ഈ ഇളവ് ബാധകമല്ല.

റിയാദ്: സൗദിയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ഷോപ്പിംഗ് മാളുകൾ ഇന്ന് തുറന്നു. കർശന നിയന്ത്രണങ്ങളോടെയാണ് മാളുകൾ തുറന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണമായും അടച്ച സ്ഥലങ്ങളിലും മക്കയിലും ഇളവ് ബാധകമല്ല.

റമദാനോട് അനുബന്ധിച്ചാണ് ഇന്നു മുതൽ മെയ് 13 വരെ ചില്ലറ മൊത്ത വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ഇളവ്. മക്കയിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണമായും അടച്ച സ്ഥലങ്ങളിലും ഈ ഇളവ് ബാധകമല്ല.

കർശന നിയന്ത്രണങ്ങളോടെയാണ് മാളുകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്. മാളുകളിലെ വിനോദ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും നമസ്ക്കാര കേന്ദ്രങ്ങളും അടയ്ക്കണമെന്ന് മുനിസിപ്പൽ ഗ്രാമ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശമുണ്ട്. പ്രവേശന കവാടങ്ങളിൽ ശരീര താപനില പരിശോധിക്കാനും അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തണം.

ട്രോളികൾ ഉപയോഗിക്കുന്നതിനു മുൻപും ശേഷവും കൈകൾ അണുവിമുക്തമാക്കണം. ഓരോ ഇരുപത്തിനാലു മണിക്കൂറും സ്ഥാപനവും അണുവിമുക്തമാക്കണം. കോവിഡ് ബാധിതരെന്നു സംശയമുള്ളവരെ പാർപ്പിക്കാനായി ഐസൊലേഷൻ സംവിധാനം ഒരുക്കിയിരിക്കണമെന്നും നിർദ്ദേശമുണ്ട്.

മാളുകളിലേക്കു ഓരോരുത്തരെയായി മാത്രമേ പ്രവേശിപ്പിക്കാവു. ആളുകൾ തമ്മിൽ രണ്ടു മീറ്ററെങ്കിലും ശാരീരിക അകലം പാലിക്കണം.  ശരീരോഷ്മാവ് 38 ഡിഗ്രിയിൽ കൂടുതലുള്ളവരെ മാളുകളിൽ പ്രവേശിപ്പിക്കാൻ പാടില്ല. ജീവനക്കാരുടെയും ശരീര താപനില പരിശോധിക്കണമെന്നും 38 ഡിഗ്രിയിൽ കൂടുതലുള്ളവരെ ആശുപത്രിയിലേക്ക് അയക്കണമെന്നും മന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്.
 

click me!