
ദുബൈ: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്‌സ്‌പോ 2020ല്‍(Dubai Expo 2020) പങ്കെടുക്കാന്‍ ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി അനുവദിക്കും. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണിത്.
ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ 2022 മാര്‍ച്ച് 31 വരെ എപ്പോള്‍ വേണമെങ്കിലും ജീവനക്കാര്‍ക്ക് അവധി എടുക്കാം.
എക്സ്പോ 2020നായി കാത്തിരിക്കുന്നവര്‍ക്ക് ഒരു ദിവസത്തെ സന്ദര്‍ശന നിരക്കില്‍ ഒരു മാസത്തേക്കുള്ള പാസ് ഇപ്പോള്‍ സ്വന്തമാക്കാനും സാധിക്കും. ഒക്ടോബര്‍ പാസ് (October Pass) എന്ന് പേരിട്ടിരിക്കുന്ന ഈ എന്‍ട്രി ടിക്കറ്റിലൂടെ 31 ദിവസം എക്സ്പോ വേദി സന്ദര്‍ശിക്കാനാവും. 95 ദിര്‍ഹമാണ് നിരക്ക്.
ഒക്ടോബര്‍ 15 വരെ മാത്രമേ ഈ പ്രത്യേക ആനുകൂല്യം ലഭിക്കുകയുള്ളൂ. പവലിയനുകള്‍ സന്ദര്‍ശിക്കാനായി 10 സ്‍മാര്‍ട്ട് ക്യൂ ബുക്കിങുകളും ഈ പ്രത്യേക പാസില്‍ ഫ്രീയായി ലഭിക്കും. ഇതിലൂടെ ഓരോ പവലിയന് മുന്നിലുമുള്ള കാത്തിരിപ്പ് ഒഴിവാക്കാനാവുമെന്ന് എക്സ്പോ വെബ്‍സൈറ്റ് വ്യക്തമാക്കുന്നു. 192 രാജ്യങ്ങളുടെ പവലിയനുകളും പ്രതിദിനം 60 ലൈവ് ഇവന്റുകളും ഇരൂനൂറിലധികം ഭക്ഷണ ഔട്ട്‍ലെറ്റുകളുമാണ് എക്സ്പോ നഗരിയില്‍ ഒരുങ്ങുന്നത്. ദുബൈ എക്സ്പോ 2020ന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam