വീട് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം; സ്ത്രീ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Sep 25, 2020, 9:19 AM IST
Highlights

അശ്രദ്ധമായി ഓടിച്ചിരുന്ന ഒരു ബസ്, അബു ഫാത്തിറ പൊലീസ് സ്റ്റേഷനിലെ പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടതാണ് അറസ്റ്റിലേക്ക് നയിച്ചത്. വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടതോടെ ഡ്രൈവര്‍ റോഡരികില്‍ വാഹനം നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വീട് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയ ആറ് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. അബൂഹസനിയയില്‍ നിന്ന് മുബാറക്  അല്‍ കബീര്‍ ഗവര്‍ണറേറ്റ് പൊലീസ് പട്രോള്‍ സംഘമാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അശ്രദ്ധമായി ഓടിച്ചിരുന്ന ഒരു ബസ്, അബു ഫാത്തിറ പൊലീസ് സ്റ്റേഷനിലെ പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടതാണ് അറസ്റ്റിലേക്ക് നയിച്ചത്. വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടതോടെ ഡ്രൈവര്‍ റോഡരികില്‍ വാഹനം നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നു. വാഹനത്തിന്റെ ഡോര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് മദ്യം നിറച്ച കറുത്ത ബാഗുകള്‍ വാഹനത്തിനുള്ളില്‍ നിന്ന് കണ്ടെടുത്തത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിന്തുടര്‍ന്നു. പ്രദേശത്തുതന്നെയുള്ള ഒരു വീട്ടിലേക്കാണ് ഇയാള്‍ ഓടിക്കയറിയത്.

നിയമപരമായ അനുമതികള്‍ സമ്പാദിച്ചശേഷം പൊലീസ് റെയ്‍ഡ് നടത്തിയപ്പോഴാണ് മദ്യ നിര്‍മാണ കേന്ദ്രമായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചുവന്നതെന്ന് കണ്ടെത്തിയത്. വലിയ ബാരലുകള്‍ നിറയെ വില്‍പനയ്ക്ക് സജ്ജമാക്കിയ മദ്യം ഇവിടെ സൂക്ഷിച്ചിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പ്രവാസികളെയും ഇവിടെ നിന്ന് പിടികൂടി. മദ്യം പിടിച്ചെടുത്ത ശേഷം ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

പിടിയിലായവരെ നാടുകടത്താനും ഇനിയൊരിക്കലും രാജ്യത്തേക്ക് തിരിച്ചുവരാനാവാത്ത വിധം കരിമ്പട്ടികയില്‍ പെടുത്താനും പബ്ലിക് സെക്യൂരിറ്റി വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറജ് അല്‍ സൌബി ശുപാര്‍ശ ചെയ്‍തു.

click me!