അബുദാബി: സ്വകാര്യമേഖലയിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് യുഎഇയില്‍ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 1980ലെ ഫെഡറൽ നിയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരേ ജോലി അല്ലെങ്കിൽ തുല്യ മൂല്യമുള്ള മറ്റൊരു ജോലി ചെയ്യുന്ന സ്‍ത്രീകള്‍ക്ക് പുരുഷന്മാർക്ക് ലഭിക്കുന്നതിന് തുല്യമായ വേതനം ലഭിക്കും.
തുല്യ മൂല്യമുള്ള ജോലികള്‍ വിലയിരുത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിസഭാ തീരുമാനത്തെ അടിസ്ഥാനമാക്കി സജ്ജീകരിക്കും. 2020 ഓഗസ്റ്റ് 25ന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് വേതനത്തിന്റെ കാര്യത്തിൽ ലിംഗസമത്വം കൈവരിക്കുന്നതിനുള്ള നടപടികൾ മാനവവിഭവശേഷി മന്ത്രാലയം പൂര്‍ത്തീകരിക്കുകയാണ്
ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്നതിന്റെ പേരിൽ രാജ്യത്തിന്റെ പ്രാദേശിക, അന്തർദേശീയ നില ശക്തിപ്പെടുത്തുന്നതിന് പുതിയ ഭേദഗതികൾ സഹായിക്കുമെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2020ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് അനുസരിച്ച് ലിംഗവ്യത്യാസപ്രകാരമുള്ള ശമ്പള വിടവ് നികത്തുന്നതിൽ മേഖലയിലെ രാജ്യങ്ങളിൽ യുഎഇ മുന്നിലാണെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam