യുഎഇയില്‍ ഗോള്‍ഡന്‍ വിസാ അപേക്ഷകര്‍ക്കായി ആറ് മാസത്തെ വിസ അനുവദിക്കുന്നു

By Web TeamFirst Published Apr 2, 2021, 11:30 PM IST
Highlights

ഗോള്‍ഡന്‍ വിസയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ആറ് മാസത്തെ പ്രത്യേക വിസ അനുവദിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. 1150 ദിര്‍ഹമാണ് ഫീസ്. 

അബുദാബി: യുഎഇയില്‍ ഗോള്‍ഡന്‍ വിസാ അപേക്ഷകര്‍ക്കായി ആറ് മാസത്തേക്കുള്ള പ്രത്യേക വിസ അനുവദിക്കുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി സാധ്യമാകുന്ന ഇത്തരം വിസകള്‍ക്കായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ വെബ്‍സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

ഗോള്‍ഡന്‍ വിസയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ആറ് മാസത്തെ പ്രത്യേക വിസ അനുവദിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. 1150 ദിര്‍ഹമാണ് ഫീസ്. ഒരു തവണ പുതുക്കുകയും ചെയ്യാം. നിക്ഷേപകര്‍, സംരംഭകര്‍ ഡോക്ടര്‍മാര്‍, ശാസ്‍ത്രജ്ഞര്‍, പിഎച്ച്ഡി ബിരുദമുള്ളവര്‍, കായിക താരങ്ങള്‍, കലാ-സാംസ്‍കാരിക മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍, ശാസ്‍ത്ര മേഖലകളിലെ വിദഗ്ധര്‍, എഞ്ചിനീയറിങിലും വിവിധ ശാസ്‍ത്രശാഖകളിലും പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍, ഹൈസ്‍കൂളിലും സര്‍വകലാശാലാ തലത്തിലും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് വിസ അനുവദിക്കുക.

ഐ.സി.എ വെബ്‍സൈറ്റ് വഴി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കൊപ്പം ആവശ്യമായ രേഖകളും അപ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് അപേക്ഷാ ഫീസ് അടയ്‍ക്കാം. മാറ്റം വരുത്താനായി അപേക്ഷ തിരിച്ചയക്കപ്പെട്ടാല്‍ 30 ദിവസത്തിനകം ആവശ്യമായ വിവരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് വീണ്ടും സമര്‍പ്പിക്കാം. മൂന്ന് തവണ അപേക്ഷകള്‍ തിരിച്ചയക്കപ്പെട്ടാല്‍ അത് റദ്ദാക്കപ്പെടും. പിന്നീട് പുതിയ അപേക്ഷ സമര്‍പ്പിക്കാം.

click me!