
ദുബായ്: ഡ്രൈവിങ് ടെസ്റ്റുകൾക്കുള്ള സ്മാർട് ട്രാക്ക് സംവിധാനത്തിന് തുടക്കമായി. ഡ്രൈവിംഗ് ലൈസന്‍സിനായി വാഹനമോടിക്കുന്നയാളുടെ മികവ് വിലയിരുത്താൻ ഇനിമുതൽ ആർടി ഉദ്യോഗസ്ഥൻ വേണ്ട എന്നതാണ് സ്മാർട് ട്രാക്കിന്റെ സവിശേഷത.
വാഹനത്തിൽ സ്ഥാപിച്ച നൂതന ക്യാമറകൾ, സെൻസറുകൾ എന്നിവ മികവുകളും കുറവുകളും കണ്ടെത്തി വിജയ പരാജയങ്ങൾ നിശ്ചയിക്കും. പരിശോധകനുണ്ടാകാവുന്ന സ്വാഭാവികമായ പിഴവുകൾ ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകമാകും.
15 യാർഡുകളിൽ ഈ സംവിധാനം നിലവിൽ വന്നു. ലോകത്തിലെ ഏറ്റവും സ്മാർട്ട് ആയ നഗരമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ. അബ്ദുല്ല അൽ അലി പറഞ്ഞു. നൂതന ടെലിമാറ്റിക്സ് സാങ്കേതികവിദ്യ ഉള്‍പ്പെടെ നാലാം വ്യാവസായിക വിപ്ലവ സാങ്കേതികതയാണ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സ്മാർട്ട് സെൻസറുകൾ, ത്രീഡി ക്യാമറ, ജിപിഎസ്, പരീക്ഷാർത്ഥിയുടെയും പരിശോധകന്റെയും മുഖഭാവങ്ങൾ ഒപ്പിയെടുക്കുന്ന സെൻസറുകൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. 250 ലൈറ്റ്, ഹെവി വാഹനങ്ങളിൽ ഫൈവ് ജി ഇന്റർനെറ്റ് അടക്കം ഈ സാങ്കേതിക സൗകര്യങ്ങളില്‍ ഉൾപ്പെടുത്തിയതായി ആർടിഎ അറിയിച്ചു. ഡ്രൈവിങ് മികവുയർത്തി റോഡ് സുരക്ഷ വർധിപ്പിക്കാനും ഈ സംവിധാനം വഴിയുള്ള പരിശോധനാരീതി സഹായമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam