
റിയാദ്: ആടുജീവിതത്തിന് അറുതിയാവുന്നില്ല. ഹൗസ് ഡ്രൈവർ വിസയിൽ കൊണ്ടുവന്ന് മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറി മരുഭൂമിയിലെ കൃഷിത്തോട്ടത്തിലെ ദുരിതസാഹചര്യങ്ങളിൽ തളച്ചിടപ്പെട്ട യുവാവിനെ സാമൂഹിക പ്രവർത്തകർ രക്ഷപ്പെടുത്തി നാട്ടിലയച്ചു. ഒരു വർഷം മുമ്പ് ദമ്മാമിൽ എത്തിയ തിരുവനന്തപുരം സ്വദേശി സജീവാണ് സുമനസുകളുടെ കാരുണ്യത്താൽ നാട്ടിലെത്തിയത്.
ദമ്മാമിലുള്ള സ്വദേശി പൗരെൻറ വീട്ടിലേക്ക് വന്നതെങ്കിലും അറബി ഭാഷ സംസാരിക്കാൻ അറിയില്ല എന്ന കാരണം പറഞ്ഞ് 700 കിലോമീറ്ററകലെ റിയാദിന് സമീപം ദവാദ്മിയിലെ സൗദി പൗരന് കൈമാറുകയായിരുന്നു. അയാളുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റുകയും ചെയ്തു. അതോടെ യുവാവിെൻറ ദുരിതവും തുടങ്ങി. കൊടിയ പീഡാനുഭവങ്ങളായിരുന്നു അവിടെ നേരിട്ടത്.
സ്പോൺസറുടെ കൃഷിത്തോട്ടത്തിലാണ് താമസസൗകര്യം നൽകിയത്. ആളൊഴിഞ്ഞ അവിടെ ഏസിയൊ ഫാൻ പോലുമോ ഇല്ലാത്ത ഒരു പഴയ കെട്ടിടത്തിലായിരുന്നു അന്തിയുറക്കം. സ്പോൺസർ കൃഷിത്തോട്ടത്തിൽ നിന്നുള്ള ഉൽപന്നങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന മുറിയായിരുന്നു അത്. അതിൽ അൽപം സ്ഥലത്ത് കിടക്ക വിരിക്കാനായിരുന്നു വിധി. അവിടെ വെച്ച് കൈയ്യിലുണ്ടായിരുന്ന പണവും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള വിലപിടിപ്പുള്ള രേഖകളുമെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായി. അക്കാര്യം അറിയിച്ചിട്ടും സ്പോൺസർ ഒരു ഇടപെടലും നടത്തിയില്ല.
കൃഷിത്തോട്ടത്തിൽ രാവും പകലും ജോലി ചെയ്യിപ്പിച്ചു. ശാരീരിക വൈഷമ്യതകൾ കാരണം എന്തെങ്കിലും വിസ്സമ്മതം കാട്ടിയാൽ ക്രൂരമായി മർദ്ദിക്കുകയും പതിവായിരുന്നു. സഹിക്കാതായപ്പോൾ അവിടെ നിന്നും ഓടി രക്ഷപ്പെട്ട് ഒരു ടാക്സിയിൽ കയറി 380 കിലോമീറ്റർ സഞ്ചരിച്ചു റിയാദിലെ സുഹൃത്ത് നന്ദുവിെൻറ അടുത്തെത്തി അഭയം പ്രാപിച്ചു. മൂന്നു മാസത്തോളം നന്ദുവിെൻറ സംരക്ഷണയിൽ കഴിയുകയും തുടർന്ന് പ്ലീസ് ഇന്ത്യ ഭാരവാഹി ലത്തീഫ് തെച്ചിയുടെ സഹായത്തോടെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടുകയും നാട്ടിൽ പോകാനുളള വഴി തുറക്കുകയുമായിരുന്നു.
എംബസിയിൽ നിന്ന് ഔട്ട് പാസ് കിട്ടിയേതാടെ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ നിന്ന് എക്സിറ്റ് വിസ നേടി. റിയാദിലെ കരുനാഗപ്പള്ളി സ്വദേശികളുടെ പ്രവാസി കൂട്ടായ്മ ‘നന്മ’ നൽകിയ സൗജന്യ വിമാന ടിക്കറ്റിൽ നാട്ടിലേക്ക് മടങ്ങി. പ്ലീസ് ഇന്ത്യ കിഴക്കൻ പ്രവിശ്യ കോ ഓഡിനേറ്റർ രബീഷ് കോക്കല്ലൂർ, സഹപ്രവത്തകരായ പ്രജിത്ത്, ഇർഷാദ്, അഹിനാസ് എന്നിവരും നന്മ പ്രവർത്തകരും നന്ദുവുമാണ് സജീവിനെ ഒാരോ ഘട്ടത്തിലും സഹായിക്കാനുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam